
















വീട് വാങ്ങാനുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ ബ്രിട്ടനില്‍ ശരാശരി ഭവനവിലകള്‍ ഇടിഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒരാഴ്ച അകലെ നില്‍ക്കുമ്പോഴാണ് വില ഇടിഞ്ഞതായി ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തിയത്.
സെപ്റ്റംബറില്‍ യുകെയിലെ ശരാശരി ഭവനവില 271,531 പൗണ്ടിലാണ് എത്തിയത്. ആഗസ്റ്റ് മാസത്തിലെ നിരക്കില്‍ നിന്നും 0.6 ശതമാനമാണ് താഴ്ച രേഖപ്പെടുത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.
സെപ്റ്റംബര്‍ വരെ 12 മാസങ്ങളില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.6 ശതമാനമാണ്. ആഗസ്റ്റിലെ 3.1 ശതമാനത്തില്‍ നിന്നുമാണ് മെല്ലെപ്പോക്കിലേക്ക് നീങ്ങിയത്. ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും വീടുകളുടെ മൂല്യം ഇടിഞ്ഞതായി ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്റുമാരായ പര്‍പ്പിള്‍ബ്രിക്‌സ് പറഞ്ഞു. 
നോര്‍ത്ത് ഈസ്റ്റ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് ആഗസ്റ്റില്‍ നിന്നും സെപ്റ്റംബറിലേക്ക് എത്തിയപ്പോള്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടത്. നോര്‍ത്ത് ഈസ്റ്റില്‍ 1.2 ശതമാനം വിലയിടിവാണ് നേരിട്ടത്. ഇതോടെ ശരാശരി വില 161,770 പൗണ്ടായി.
ലണ്ടനില്‍ 1.1 ശതമാനമാണ് പ്രതിമാസ ഇടിവ്. സൗത്ത് ഈസ്റ്റ് മേഖലകളില്‍ 1.2 ശതമാനം വിലയും കുറഞ്ഞു. ലണ്ടനിലെ വീടുകളുടെ വിലയില്‍ 6381 പൗണ്ടാണ് വെട്ടിക്കുറയ്ക്കപ്പെട്ടത്. ഇവിടെ ശരാശരി ഭവനവില 556,454 പൗണ്ടായി.
സൗത്ത് ഈസ്റ്റ് മേഖലയില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 4658 പൗണ്ട് താഴ്ന്ന് 383,812 പൗണ്ടിലുമെത്തി. തുടര്‍ച്ചയായി മൂന്നാം മാസമാണ് യുകെയില്‍ നെഗറ്റീവ് റിപ്പോര്‍ട്ടിംഗ് വരുന്നത്. റേച്ചല്‍ റീവ്‌സ് ബജറ്റില്‍ എന്തെല്ലാം പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കാത്തിരിക്കുകയാണ് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ഇതിനാല്‍ ജാഗ്രതയോടെ നീങ്ങുകയാണ് ഇവരെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.