
















ബജറ്റ് പ്രഖ്യാപനം 48 മണിക്കൂര്‍ അകലെ എത്തിനില്‍ക്കുമ്പോഴും റേച്ചല്‍ റീവ്‌സ് എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആശങ്കകള്‍ ഒഴിയുന്നില്ല. പല പദ്ധതികളും അവതരിപ്പിക്കുകയും, ഒഴിവാക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതിനിടയില്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവാണ് 13 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്കായി മാറ്റിവെയ്ക്കുകയെന്നാണ് പ്രതീക്ഷ.
പുതിയ സ്റ്റേറ്റ് പെന്‍ഷനില്‍ ഫുള്‍ റേറ്റ് നേടുന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിവര്‍ഷം 550 പൗണ്ട് വരെ വര്‍ദ്ധന കൈവരും. 'ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുന്നതും, എന്‍എച്ച്എസിനെ പുനര്‍നിര്‍മ്മിക്കുന്നതും, വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതും ഉള്‍പ്പെടെ വിഷയങ്ങളായാലും, വിരമിക്കുന്ന സമയത്ത് പെന്‍ഷന്‍കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും', ചാന്‍സലര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ബജറ്റ് അവതരണം. നികുതി വര്‍ദ്ധനവുകള്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആരെയെല്ലാം ഇത് ബാധിക്കുമെന്ന ആശങ്കയാണ് ബാക്കിയുള്ളത്. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്താന്‍ റീവ്‌സ് തയ്യാറാകുമെന്നാണ് ഇപ്പോഴുള്ള സൂചന.
എന്നാല്‍ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനിച്ചാല്‍ ഏകദേശം 9.3 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരുമെന്ന അവസ്ഥയാണ്. 2030 വരെ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
ഇതുമൂലം വരുമാനം വര്‍ദ്ധിക്കുമ്പോള്‍ നികുതി ബാന്‍ഡുകളില്‍ ചെന്നുപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇതില്‍ സ്റ്റേറ്റ് പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാരും പെടാന്‍ സാധ്യതയുണ്ടെന്നതാണ് തിരിച്ചടിയാകുന്നത്.