
















നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു ഹര്‍ജിയുമായി ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ അമ്മ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി സുനില്‍കുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്. അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കി മരവിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്നറിയാം. നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. കേരളത്തെ നടുക്കിയ കേസില്‍ വിധി പറയുന്നത്, ഏഴര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷന്‍ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയില്‍ 1700 ലധികം രേഖകളാണ് സമര്‍പ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ അതിജീവിത.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.
ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ പത്ത് പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ 2017 നവംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2024 ഡിസംബര്‍ 11-നാണ് കേസ്സിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ 9നാണ് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായത്.