
















ഒരു മാസത്തിനിടെ 82 കുട്ടികളെ കാണാതായെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത. ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചതും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കടക്കം പലവിധത്തിലുള്ള സന്ദേശങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും പ്രചരിക്കുന്നുണ്ട്. നവംബര്‍ ഒന്നിനും ഡിസംബര്‍ ആറിനും ഇടയില്‍ 60 പെണ്‍കുട്ടികളടക്കം 82 കുട്ടികളെ കാണാതായെന്ന മിഡ്ഡേ വാര്‍ത്തയുടെ പിന്നാലെയാണ് ഈ സംഭവങ്ങള്‍.
കാണാതായവരില്‍ 41 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളും 18 ന് അടുത്ത് പ്രായമുള്ളവരാണ്. കുരാര്‍, വകോല, പോവൈ, മല്‍വാനി, സകിനാക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ കേസുകളും പൊലീസ് പ്രത്യേകമായാണ് അന്വേഷിക്കുന്നത്. നവി മുംബൈക്കടുത്ത് 499 കുട്ടികളെയാണ് ജനുവരിക്കും നവംബറിനും ഇടയില്‍ കാണാതായത്. ഇവരില്‍ 458 പേരെ കണ്ടെത്താനായി. 41 പേര്‍ ഇപ്പോഴും കാണാമറയത്താണ്.
തിരിച്ചുകിട്ടിയ 458 കുട്ടികളില്‍ ഭൂരിഭാഗം പേരും വൈകാരിക പ്രതികരണമെന്ന നിലയില്‍ വീട് വിട്ട് പോയവരാണ്. ഇവരില്‍ 128 പേര്‍ പ്രണയ നൈരാശ്യം, 114 പേര്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനാലുമാണ് വീടുവിട്ട് പോയത്. എന്നാല്‍ പുതിയ വാര്‍ത്തയില്‍ പറയുന്ന 82 കുട്ടികളില്‍ പലരെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുവെന്നും പൊലീസ് പറയുന്നു.