CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 18 Seconds Ago
Breaking Now

വോട്ട് ചോരിയുമായി വീണ്ടും രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ ഇന്ന് കൂറ്റന്‍ റാലി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ്, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കും

വോട്ട് ചോരി വീണ്ടും സജീവമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹി രാം ലീല മൈതാനത്ത് വോട്ട് ചോരിയില്‍ പാര്‍ട്ടി ഇന്ന് കൂറ്റന്‍ റാലി നടത്തും. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ രാജ്യത്തെ അഞ്ചരക്കോടി ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒപ്പ് രാഷ്ട്രപതിക്ക് കൈമാറും.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ്, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കും. സോണിയ ഗാന്ധിയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നിന്നാകും ഇവര്‍ രാം ലീല മൈതാനിയിലേക്കെത്തുക. വോട്ട് ചോരിയില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് അഞ്ചരക്കോടി ജനങ്ങളുടെ ഒപ്പ് ശേഖരിച്ചെന്നും ഇത് രാഷ്ട്രപതിക്ക് ഇന്ന് കൈമാറുമെന്നും പാര്‍ട്ടിയുടെ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

വോട്ട് ചോരിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് പാര്‍ലമെന്റിനകത്തും പുറത്തും നടന്നിട്ടുള്ളത്. ഡിസംബര്‍ 10ന് ലോക്‌സഭയില്‍ അമിത് ഷായും രാഹുലും തമ്മില്‍ വോട്ട് ചോരിയില്‍ രൂക്ഷമായ വാക്പോര് നടന്നിരുന്നു. വോട്ടര്‍ പട്ടികയിലെ പുതുക്കലുകള്‍ സുതാര്യമായ തെരഞ്ഞെടുപ്പിന് അനിവാര്യമെന്നും അനധികൃതമായി വോട്ടര്‍ പട്ടികയില്‍ കയറിയവരെ പുറത്താക്കുക തന്നെ വേണമെന്നുമാണ് അമിത് ഷാ വാദിച്ചത്.

വിദേശികള്‍ക്ക് ഉള്ളതല്ല രാജ്യത്തെ തെരഞ്ഞെടുപ്പ്. ഹരിയാനയില്‍ ഉണ്ടായത് വോട്ടര്‍ പട്ടികയിലെ സാങ്കേതിക പിഴവ് മാത്രമാണെന്നും വോട്ട് ചോരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

പിന്നാലെ അമിത് ഷായ്ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ എന്തിന് പൂര്‍ണ്ണ പരിരക്ഷ നല്‍കി എന്ന് വ്യക്തമാക്കണമെന്നും ഹരിയാനയിലെ വോട്ട് തട്ടിപ്പില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ടെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് തന്നോടൊപ്പം ഒരു സംയുക്ത വാര്‍ത്താ സമ്മേളനവും പരസ്യസംവാദവും നടത്താന്‍ അമിത് ഷായെ രാഹുല്‍ വെല്ലുവിളിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.