
















ഭാര്യയുടെ സാരിയില്‍ അഞ്ചു മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പിതാവ് ജീവനൊടുക്കി. സംഭവത്തില്‍ മൂന്ന് പെണ്‍മക്കള്‍ മരിക്കുകയും രണ്ടു മക്കള്‍ രക്ഷപ്പെടുകയും ചെയ്തു. ബിഹാറിലെ മുസാഫര്‍പുറില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുസാഫര്‍പുര്‍ സ്വദേശി അമര്‍നാഥ് റാം (35) ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മക്കളായ അനുരാധ കുമാരി (12), ശിവാനി കുമാരി (11), രാധിക കുമാരി (7) എന്നിവരാണ് മരിച്ചത്. ആണ്‍മക്കളായ ശിവം കുമാര്‍ (6), ചന്ദന്‍ കുമാര്‍ (5) എന്നിവര്‍ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
അഞ്ച് മക്കളോടും ഒരു പെട്ടിക്കുമുകളില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം അമര്‍നാഥ് എല്ലാവരുടെയും കഴുത്തില്‍ കയര്‍ കുരുക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അമര്‍നാഥ് മൂന്ന് പെണ്‍മക്കളോടൊപ്പം ചാടി. ചാടാതിരുന്ന രണ്ട് കുട്ടികളാണ് രക്ഷപ്പെട്ടത്.
സംഭവത്തിന് ദൃക്സാക്ഷിയായ മകന്‍ ശിവം കുമാര്‍ (6), താന്‍ എങ്ങനെയോ കഴുത്തിലെ കുരുക്ക് അഴിച്ചുമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. രക്ഷപ്പെട്ട രണ്ട് ആണ്‍മക്കളും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമര്‍നാഥിന്റെ ഭാര്യ കഴിഞ്ഞ വര്‍ഷം മരിച്ചതിനുശേഷം അദ്ദേഹം മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിലെ വ്യക്തിപരമായ ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും അമര്‍നാഥിനെ അലട്ടിയിരുന്നതായി ഗ്രാമവാസികള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സംഭവത്തിനു പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.