CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 27 Seconds Ago
Breaking Now

ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

അജിത് തനിക്ക് മര്‍ദ്ദനമേറ്റ ചിത്രങ്ങളും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്കു സീറ്റ് നല്‍കിയാല്‍ എതിരെ രംഗത്തുവരുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം.അജിത് കുമാറിന്റെ (53) മരണം കൊലപാതകമെന്ന് സംശയം. മരണകാരണം തലയ്‌ക്കേറ്റ മാരകമായ പരിക്കാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അജിത്തിന്റെ തലയ്ക്ക് പിന്നില്‍ നാല് തവണ കനത്ത ആഘാതമേറ്റതായും ശരീരത്തില്‍ ആകെ 31 പരിക്കുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ ബീനയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയാല്‍ അവര്‍ക്കെതിരെ താന്‍ തന്നെ രംഗത്തിറങ്ങുമെന്ന് അജിത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 'ബീന അജിത് എന്ന പേര് ഇനി ഉപയോഗിക്കരുത്, അവര്‍ക്ക് സീറ്റ് നല്‍കിയാല്‍ ജാഗ്രതൈ' എന്നായിരുന്നു അജിത്തിന്റെ കുറിപ്പ്. ഇതിന് പിന്നാലെ അജിത് തനിക്ക് മര്‍ദ്ദനമേറ്റ ചിത്രങ്ങളും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഒക്ടോബര്‍ 10-നാണ് അജിത്തിനെ വീട്ടിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന മകന്‍ വിനായക് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വട്ടപ്പാറ പോലീസ് അന്ന് കേസെടുത്തത്. എന്നാല്‍, മരണം നടന്ന് അഞ്ചാം ദിവസം വീടിനുള്ളിലെ രണ്ട് മുറികള്‍ പെയിന്റ് ചെയ്തതും അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്തതും ബന്ധുക്കളില്‍ വലിയ സംശയമുണ്ടാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും പോലീസ് ഗൗരവമെടുത്തില്ലെന്ന് ആരോപിച്ച ബന്ധുക്കള്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. 60 ദിവസത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. ഇതോടെ വീഴ്ച വരുത്തിയ എസ്.ഐയെ മാറ്റി വട്ടപ്പാറ എസ്.എച്ച്.ഒ അന്വേഷണം ഏറ്റെടുത്തു.

അതിനിടെ അജിത്തിന്റെ മകന്‍ വിനായക് ശങ്കര്‍ പോലീസിന് നല്‍കിയ പുതിയ മൊഴിയില്‍ അച്ഛനെ അടിച്ചതായി സമ്മതിച്ചിട്ടുണ്ട്. രാത്രിയില്‍ മദ്യപിക്കാന്‍ പോകാനായി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ട് അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായെന്നും, താക്കോല്‍ തട്ടിയെടുക്കുന്നതിനിടെ തന്നെ തള്ളിയ അച്ഛനെ സ്വയരക്ഷയ്ക്കായി വടി ഉപയോഗിച്ച് തിരിച്ചടിച്ചെന്നുമാണ് മകന്റെ മൊഴി. അച്ഛന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇട്ട പോസ്റ്റ് താനാണ് ഡിലീറ്റ് ചെയ്തതെന്നും മകന്‍ മൊഴി നല്‍കി. പരിക്കുകളുടെ സ്വഭാവം വച്ച് ഇത് ആസൂത്രിതമായ കൊലപാതകമാണോ എന്നതിലേക്കാണ് പോലീസ് അന്വേഷണം ഇപ്പോള്‍ നീങ്ങുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.