CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 45 Seconds Ago
Breaking Now

സിഡ്‌നിയില്‍ 15 പേര്‍ കൊലപ്പെട്ട വെടിവെയ്പ്പിന് പിന്നില്‍ അച്ഛനും മകനുമെന്ന് പൊലീസ്

സംഭവത്തെ തീവ്രവാദ ആക്രമണമായി പരിഗണിച്ചെന്ന് പൊലീസ് പറഞ്ഞു.

സിഡ്നിയിലെ വെടിവെപ്പിന് പിന്നില്‍ അച്ഛനും മകനുമാണെന്ന് റിപ്പോര്‍ട്ട്. തോക്കുധാരികളായ 50കാരനായ അച്ഛനും 24കാരനായ മകനുമാണ് ആക്രമണം നടത്തിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബോണ്ടി കടല്‍തീരത്ത് ജൂതവിഭാഗത്തിന്റെ ഹനുക്ക ആഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമികളിലൊരാള്‍ മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. സംഭവത്തെ തീവ്രവാദ ആക്രമണമായി പരിഗണിച്ചെന്ന് പൊലീസ് പറഞ്ഞു.

അക്രമികളെക്കുറിച്ചും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു. സംഭവസ്ഥലത്തിന് സമീപം രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ പൊലീസ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 50 വയസ്സുള്ള ആള്‍ പൊലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ലാന്‍യോണ്‍ പറഞ്ഞു. അതേസമയം 24 വയസ്സുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ സിഡ്നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാമ്പ്സിയിലെയും ഇവരുടെ താമസ സ്ഥലത്ത് സെര്‍ച്ച് വാറണ്ടുകള്‍ പുറപ്പെടുവിച്ചു. 

മരിച്ച 50 വയസ്സുകാരന്‍ ലൈസന്‍സുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരില്‍ ആറ് തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിന് ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ലാന്‍യോണ്‍ പറഞ്ഞു. വെടിവെപ്പില്‍ ഉള്‍പ്പെട്ട തോക്കുധാരികളില്‍ ഒരാള്‍ 24 കാരനായ നവീദ് അക്രം ആണെന്ന് തിരിച്ചറിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ഭീകര സംഘടനകളുടെ സ്വാധീനമുണ്ടോ എന്നതിലും പൊലീസ് വിശദീകരണം നടത്തിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.