
















നിമിഷപ്രിയ കേസില്‍ ഇറാന്‍ ഇടപെടുന്നതിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി. കൊല നടന്നത് ഇറാനില്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു നിലപാട് എന്നാണ് മഹ്ദി ചോദിച്ചത്. വിഷയത്തില്‍ ഇറാന്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചുള്ള വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ടാണ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
അതിവേഗത്തിലുള്ള നീതിപൂര്‍വമായ ശിക്ഷ മാത്രമാണ് നടപ്പാക്കേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അബ്ദുള്‍ ഫത്താഹ് മഹ്ദി. ശിക്ഷ നടപ്പിലാക്കാത്തതിലൂടെ കുടുംബത്തിന്റെ അവകാശമാണ് തടയുന്നതെന്നും വിമര്‍ശിച്ചു. മദ്ധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍ നേരത്തേ വ്യക്തിമാക്കിയിരുന്നു.
2017 ജൂലായ് 25ന് യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.