CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 50 Seconds Ago
Breaking Now

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടു; അകാശവാദവുമായി ചൈനയും രംഗത്ത്

ട്രംപിന്റ അവകാശവാദത്തെ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നടന്ന ഇന്ത്യ-പാകിസ്താന്‍ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. പാകിസ്താനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മൂന്നാംകക്ഷി ഇടപെട്ടുവെന്ന അവകാശവാദത്തെ ഇന്ത്യ ആവര്‍ത്തിച്ച് നിരാകരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അവകാശവാദവുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെട്ട് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പലതവണ രംഗത്ത് വന്നിരുന്നു. എന്നാല്‍ ട്രംപിന്റ അവകാശവാദത്തെ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു.

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പുറമെ വടക്കന്‍ മ്യാന്‍മറിലെ സംഘര്‍ഷങ്ങള്‍, കംബോഡിയയ്ക്കും തായ്ലന്‍ഡിനും ഇടയിലുള്ള സംഘര്‍ഷങ്ങള്‍, ഇറാനിയന്‍ ആണവ പ്രശ്നം എന്നിവയുള്‍പ്പെടെ മറ്റ് ആഗോള സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ചൈന സമാധാന ചര്‍ച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.

'രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര തവണ പ്രാദേശിക യുദ്ധങ്ങളും അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളും ഈ വര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഭൗമരാഷ്ട്രീയത്തില്‍ സംഘര്‍ഷം വ്യാപിച്ചുകൊണ്ടിരുന്നു. ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിനായി സംഘര്‍ഷങ്ങളുടെ ലക്ഷ്യങ്ങളും മൂലകാരണങ്ങളും അഭിസംബോധന ചെയ്ത് കൊണ്ട് ഞങ്ങള്‍ വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്' എന്നും ചൈനീസ് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അന്താരാഷ്ട്ര സാഹചര്യത്തെയും ചൈനയുടെ വിദേശ ബന്ധങ്ങളെയും കുറിച്ച് ബീജിംഗില്‍ നടന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി വാങ് യി. ഈ വര്‍ഷം ചൈന മധ്യസ്ഥത വഹിച്ച അപകടരമായ രാഷ്ട്രീയ പ്രശ്നങ്ങളുടെ പട്ടികയില്‍ 'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളും' ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിമ്പോസിയത്തില്‍ വാങ് യി അവകാശപ്പെട്ടു.

'അപകടകരമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചൈനീസ് സമീപനം പിന്തുടര്‍ന്ന്, വടക്കന്‍ മ്യാന്‍മറില്‍, ഇറാനിയന്‍ ആണവ പ്രശ്നം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, പലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങള്‍, കംബോഡിയയും തായ്ലന്‍ഡും തമ്മിലുള്ള സമീപകാല സംഘര്‍ഷം എന്നിവയില്‍ ഞങ്ങള്‍ മധ്യസ്ഥത വഹിച്ചു' എന്നായിരുന്നു വാങ് യിയുടെ അവകാശവാദം.




കൂടുതല്‍വാര്‍ത്തകള്‍.