
















മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതിനെത്തുടര്‍ന്ന് ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗര്‍ മേഖലയിലെ ശുഭം എന്ന 28കാരനാണ് ആത്മഹത്യ ചെയ്തത്.
പെയിന്റിങ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെടുന്നയിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഭാര്യ ഇത് ഉണ്ടാക്കിനല്‍കിയില്ല. മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവെച്ച് തര്‍ക്കമുണ്ടായി. ശേഷമാണ് ശുഭം മുറിയില്‍ കയറി തൂങ്ങിമരിച്ചത്.
അപമാനം സഹിക്കവയ്യാതെയാണ് മകന്‍ ജീവനൊടുക്കിയത് എന്നാണ് ശുഭത്തിന്റെ അമ്മയുടെ ആരോപണം. മുട്ടക്കറി ഉണ്ടാക്കിനല്‍കില്ല എന്ന് ഭാര്യ പറഞ്ഞതിന് പിന്നാലെ ശുഭം തന്നെ കറിയുണ്ടാക്കി. പിന്നാലെ ഇരുവരും തമ്മില്‍ പൊതുമധ്യത്തില്‍, ആളുകള്‍ കാണുന്ന തരത്തിലാണ് തര്‍ക്കമുണ്ടായത്. മകന്‍ ഇത് അപമാനമായി തോന്നിയെന്നും പിന്നീട് മകന് കടുത്ത മാനസിക സംഘര്‍ഷം അനുഭവപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. ഇതിന് പിന്നാലെയാണ് ശുഭം ജീവനൊടുക്കിയത്.