
















ഇന്ന് കൂടെയുണ്ടാവര്‍ നാളെ കൂടെ ഉണ്ടാകണമെന്നില്ല. ഇന്നലെ അപ്പുറത്ത് കണ്ടവന്‍ നാളെ കൂടെ കണ്ടേക്കാം. പറഞ്ഞ് വരുന്ന ഇഹലോക ഫിലോസഫിയൊന്നുമല്ല, കണ്‍സര്‍വേറ്റീവ്, റിഫോം യുകെ പാര്‍ട്ടികളുടെ അവസ്ഥയാണ്. ഇന്നലെ ഉച്ചയ്ക്ക് വരെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടാകും. പക്ഷെ രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ ടോറിയില്‍ നിന്ന് അവര്‍ ചിലപ്പോള്‍ റിഫോം പാര്‍ട്ടിയില്‍ എത്തിയിരിക്കും.
ടോറി നേതാവ് കെമി ബാഡെനോകിന് ഷോക്ക് നല്‍കിക്കൊണ്ട് പുതിയൊരു ചാട്ടം കൂടി സംഭവിച്ചിരിക്കുന്നു. ഇക്കുറി മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാനാണ് മറുചേരിയില്‍ ഉദയം ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വലതുപക്ഷത്തെ കീറിമുറിച്ച് കൊണ്ടാണ് കടുത്ത ഇമിഗ്രേഷന്‍ വിരോധിയായ ബ്രാവര്‍മാനെ നിഗല്‍ ഫരാഗ് സ്വന്തം കപ്പലില്‍ എത്തിച്ചത്. 
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മധ്യനിലപാടുകാരുടെ പിടിയില്‍ അകപ്പെട്ട് കഴിഞ്ഞെന്നും, കെമി ബാഡെനോക് തന്നെ ഒതുക്കിയെന്നും റിഫോം വേദിയിലെത്തിയ 45-കാരി പ്രതികരിച്ചു. പൊതുമുഖത്ത് കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ എടുക്കുമ്പോള്‍ വലതുപക്ഷ അജണ്ട നടപ്പാക്കാന്‍ വാതിലുകള്‍ക്ക് അപ്പുറം ആരും പിന്തുണച്ചിരുന്നില്ലെന്ന് ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ അഭയമില്ലാത്ത അവസ്ഥയാണ് താന്‍ നേരിട്ടതെന്നും ബ്രാവര്‍മാന്‍ വെളിപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ ഒരു സോഷ്യല്‍ ഡെമോക്രാറ്റ്, ഇടത് ചായ്‌വുള്ള പാര്‍ട്ടിയായി മാറിയത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോബര്‍ട്ട് ജെന്റിക്ക് റിഫോമിലേക്ക് ചാടി ഒരാഴ്ച പിന്നിടുമ്പോഴാണ് ബ്രാവര്‍മാന്റെ വരവ്. അതേസമയം ബ്രാവര്‍മാന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, സന്തോഷമില്ലാത്ത അവസ്ഥയാണെന്നും പ്രഖ്യാപിച്ച ശേഷം ഈ പ്രസ്താവന തിരുത്താന്‍ ടോറികള്‍ നിര്‍ബന്ധിതമായിരുന്നു.