
















ഒരു മില്ല്യണോളം കുടുംബങ്ങളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ ഈ വര്‍ഷം വര്‍ദ്ധന അനുഭവപ്പെടും. ഇത്രത്തോളം മോര്‍ട്ട്‌ഗേജുകാര്‍ ആസ്വദിച്ചിരുന്ന വിലകുറഞ്ഞ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്നതാണ് ഇതിലേക്ക് നയിക്കുന്നത്.
2021-ല്‍ 971,105 അഞ്ച് വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളാണ് എടുത്തിരുന്നത്. ഇതിന്റെ പലിശ നിരക്കുകള്‍ കേവലം 0.91 ശതമാനം വരെ താഴ്ന്നതുമായിരുന്നു. എന്നാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യേണ്ട സമയം വരുന്നതോടെ ഇപ്പോള്‍ പലിശ നിരക്കുകള്‍ 3.51 ശതമാനത്തില്‍ വരെയാണ് നിലനില്‍ക്കുന്നത്. ഇത് പ്രകാരം ശരാശരി വിലയുള്ള വീടുകളുടെ പ്രതിമാസ തിരിച്ചടവില്‍ 282 പൗണ്ടിന്റെ വര്‍ദ്ധന നേരിടും.
നിലവില്‍ അഞ്ച് വര്‍ഷത്തെ റീമോര്‍ട്ട്‌ഗേജിംഗില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഫര്‍ നല്‍കുന്നത് ബാര്‍ക്ലേസാണ്, 3.76 ശതമാനം. 200,000 പൗണ്ടിന്റെ 25 വര്‍ഷം കൊണ്ട് അടയ്ക്കുന്ന മോര്‍ട്ട്‌ഗേജ് 0.94 ശതമാനത്തിന് ലഭിച്ചാല്‍ പ്രതിമാസ അടവ് 748 പൗണ്ടാണ്. എന്നാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ നിലവിലെ നിരക്കില്‍ ഇത് 1030 പൗണ്ടെങ്കിലും എത്തും.
റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ സാധ്യമായ മികച്ച ഡീല്‍ നേടാന്‍ ശ്രമിക്കുകയെന്നതാണ് പ്രതിമാസ തിരിച്ചടവ് കുതിച്ചുചാടുമ്പോഴും വലിയ പരുക്കുകള്‍ ഒഴിവാക്കാന്‍ നല്ലത്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റില്‍ തലവെച്ച് കൊടുക്കരുതെന്നാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധരുടെ ഉപദേശം. നിലവിലെ ബാങ്കോ, ബില്‍ഡിംഗ് സൊസൈറ്റിയോ ലാഭകരമായ നിരക്ക് ഓഫര്‍ ചെയ്യുന്നില്ലെങ്കില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ ലാഭകരമായ മറ്റൊരു ഡീല്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
കൈയില്‍ സേവിംഗ്‌സ് ഉണ്ടെങ്കില്‍ ഇത് ഉപയോഗിച്ച് പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും കഴിയും. അതല്ലെങ്കില്‍ റീമോര്‍ട്ട്‌ഗേജ് കാലാവധി നീട്ടിയെടുത്തും ഇത് നേടാം. എന്നാല്‍ പ്രതിമാസ തിരിച്ചടവ് കുറയുമെങ്കിലും മൊത്തത്തില്‍ നല്‍കുന്ന തുക വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കും.