
















വിളപ്പില്‍ശാലയിലെ ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങളുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തള്ളി ബിസ്മീറിന്റെ കുടുംബം രംഗത്തെത്തി. റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്തുകൊണ്ട് സിപിആര്‍ കൊടുത്തില്ല എന്നും അങ്ങനെ കൊടുത്തിരുന്നെങ്കില്‍ ബിസ്മീര്‍ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നുമാണ് ഭാര്യ ജാസ്മിന്റെ പ്രതികരണം. ഡോക്ടര്‍മാര്‍ കേസ് കൊടുത്തോളൂ എന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ മുന്നോട്ടുവന്നത്. രണ്ട് ദിവസം മുന്‍പും ബിസ്മീറിന് ശ്വാസതടസം ഉണ്ടായിരുന്നു. മറ്റൊരു ഡോക്ടറെ കാണാന്‍ പറയുകയും ചെയ്തിരുന്നു. കേസുമായി താന്‍ മുന്നോട്ടുപോകും. കുടുംബത്തിന് നഷ്ടപെട്ടത് ഇനി തിരിച്ചുകിട്ടില്ല. ഇനി ഒരാള്‍ക്കും ഇങ്ങനെ ഉണ്ടാകരുത് എന്നും ജാസ്മിന്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ഹൃദയാഘാതമാണ്. ശരീരത്തില്‍ അങ്ങിങ്ങായി നീല നിറം കാണുന്നുണ്ട്. ഇത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയിരുന്നു. ഇത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായി എന്നാണ് നിഗമനം.