
















ലണ്ടന്‍: ആറ്റുകാല്‍ ദേവീ ഭക്തരുടെ നേതൃത്വത്തില്‍ ലണ്ടനിലെ ന്യൂഹാം മാനോര്‍പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് വര്‍ഷം തോറും നടത്തിവരുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പത്തൊമ്പതാമത് സമര്‍പ്പണം 2026 മാര്‍ച്ച് മൂന്നിന് ചൊവ്വാഴ്ച്ച, ഭക്തിനിര്‍ഭരമായി ആചരിക്കും. തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല നേര്‍ച്ച സമര്‍പ്പിച്ച് , ദേവീ കൃപയും, പുണ്യവും, പൊങ്കാലക്കുള്ള അവസരവും യു കെ യിലെ ദേവീ ഭക്തര്‍ക്കായി ഒരുക്കണമെന്ന ആഗ്രഹത്തില്‍ ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തില്‍, ലണ്ടനിലെ 'ആറ്റുകാല്‍ സിസ്റ്റേഴ്‌സ്' തുടക്കം കുറിച്ച പൊങ്കാലയുടെ പത്തൊമ്പതാമത് വാര്‍ഷികമാവും മാര്‍ച്ച് മൂന്നിന് ശ്രീ മുരുകന്‍ മഹാക്ഷേത്രത്തില്‍ നടത്തപ്പെടുക.
ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന 'ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്' കൂട്ടായ്മ്മയുടെ ചെയറും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നല്‍കി പോരുന്നത്. മുന്‍ സിവിക് മേയറും, യു കെ യിലെ ആദ്യ മലയാളി കൗണ്‍സിലറുമാണ് ഡോ. ഓമന.
മാര്‍ച്ച് 3 നു ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരക്ക് പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുകയും, ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിദ്ധ്യവും, സാമീപ്യവും യു കെ യില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഇത്തവണ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങള്‍. പ്രാരംഭ കാലങ്ങളില്‍ വിപരീത കാലാവസ്ഥയില്‍ മുട്ടൊപ്പം മഞ്ഞിലൂടെയും, കൊടും തണുപ്പ് അവഗണിച്ചും, യാത്രാതടസ്സങ്ങളെ മറികടന്നും ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാറുള്ള തീക്ഷ്ണമതികളായ ദേവീഭക്തരുടെ ഓര്‍മ്മകള്‍ പങ്കുവെച്ച ഡോ. ഓമന, വെയില്‍സില്‍ നിന്നും, സ്‌കോട് ലാന്‍ഡില്‍ നിന്നും, മിഡ്ലാന്‍ഡ്സില്‍ നിന്നുമൊക്കെ ആളുകള്‍ എത്തിയിരുന്ന വിവരവും അനുസ്മരിച്ചു.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന 'ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്', ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വര്‍ഷത്തെ ഫണ്ട് സെന്റ് ജോസഫ്‌സ് ഹോസ്‌പേസ്, ഹാഗ്‌നിയിലെ ക്യാന്‍സര്‍ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നല്‍കുക. ബഹുമാനപ്പെട്ട മന്ത്രി സ്റ്റീഫന്‍ ടിംസിന്റെ സാന്നിദ്ധ്യത്തില്‍ ധനസാഹയ നിധി പിന്നീട് കൈമാറും.
ഏറെ പേര്‍ക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകര്‍ന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാര്‍ത്ഥം യു കെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാന്‍ സാഹചര്യമൊരുക്കിഎന്നതില്‍ ലണ്ടനിലെ ആറ്റുകാല്‍ സിസ്റ്റേഴ്‌സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃ ഗേഹം എന്ന നിലയില്‍ ശ്രീ മുരുകന്‍ മഹാക്ഷേത്രത്തിനും ആറ്റുകാല്‍ പൊങ്കാലയില്‍ വലിയ പ്രാധാന്യമുണ്ട്.
ഏവരെയും സ്‌നേഹപൂര്‍വ്വം ലണ്ടന്‍ ശ്രീ മുരുകന്‍ ക്ഷേത്ര ആറ്റുകാല്‍ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 020 8478 8433
Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF
Please catch bus 147 from Eastham towards Illford at the 5th stop. Please catch bus 147 From Ilford towards Eastham via Canningdown at the stop just in front of the temple.
Appachan Kannanchira