
















തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലിസ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് സംഘടന ആവശ്യപ്പെട്ടു.
അതിക്രമങ്ങളില്‍ പരാതികള്‍ ഉണ്ടായാല്‍ പൊലീസ് കേസെടുക്കുക സ്വാഭാവികമാണ്. അങ്ങനെ എടുക്കുന്ന കേസുകളില്‍ അന്വേഷണം നടത്തേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗവുമാണ്. നഗരൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായി രേഖപെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നല്‍കുന്നതിനുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അസഭ്യവര്‍ഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്. വഴിയെ പോകുന്ന ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരളാ പോലീസ് എന്ന ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പൊലീസുകാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.