
















പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലുള്ള ഒരു സ്‌കൂളില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ടവല്‍ ഡാന്‍സ് കളിച്ചതിന് പിന്നാലെ വിമര്‍ശനം ശക്തം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശുദ്ധിയെ ചോദ്യം ചെയ്ത് നിരവധി ചോദ്യങ്ങളാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. മേരേ ഖാബോം മേം എന്ന ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വിദ്യാര്‍ത്ഥിനികള്‍ ഗാനരംഗത്തെ നടി കജോളിന്റെ വേഷത്തിന് സമാനമായി ടവല്‍ ഉപയോഗിച്ച് നൃത്തം ചെയ്തത്. എക്സില്‍ വൈറലായ വീഡിയോക്ക് താഴെ മോശവും അശ്ലീലവുമായ നൃത്തം എന്ന കമന്റുകളാണ് കൂടുതലുമുള്ളത്.
സാംസ്‌കാരിക പരിപാടിയെന്ന പേരില്‍ ഇത്തരം മോശം കാര്യങ്ങളാണ് പവിത്രമായ ഇടങ്ങളിലൊന്നായ വിദ്യാലയങ്ങളില്‍ നടക്കുന്നതെന്നത് ആശങ്ക ഉണ്ടാക്കുന്നതെന്ന് ആളുകള്‍ പ്രതികരിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇന്നത്തെ തലമുറ വേറെ ദിശയിലേക്ക് പോകുന്നതെന്നും വീഡിയോയ്ക്ക് താഴെ അഭിപ്രായമുയരുന്നുണ്ട്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്‌കൂളിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം പ്രകടനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് സ്‌കൂള്‍ അധികൃതര്‍ മതിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതിന് തെളിവാണെന്നാണ് പരാതിയില്‍ പറയുന്നത്.
ഇത് കുട്ടികളുടെ നല്ലഭാവിയെ ബാധിക്കുമെന്നും ഇതില്‍ പരാമര്‍ശമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്‌കൂള്‍ പരിപാടികളില്‍ ചിത്രീകരിക്കുന്നതും ഇവ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളിന് പുറമേ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പശ്ചിമബംഗാള്‍ സര്‍ക്കാര്‍, പൊലീസ് കമ്മിഷണര്‍, ജില്ലാ മജിസ്ട്രേറ്റ് എന്നിവരോട് പരാതിയില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് (എടിആര്‍) സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.