CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 3 Seconds Ago
Breaking Now

സംഘടന വിരുദ്ധ പ്രവര്‍ത്തനം ജിജു ഷിജു സൈമണ്‍, രാജി രാജനെയും പുറത്താക്കി സമീക്ഷ യു കെ

സമീക്ഷ യു.കെ സംഘടനയുടെ  ഐക്യത്തിനും അച്ചടക്കത്തിനും സംഘടനാ മൂല്യങ്ങള്‍ക്കും,   വിരുദ്ധമായ ചില ഗുരുതര സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ദേശീയ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന്  ആവശ്യമായ

തീരുമാനങ്ങള്‍ കൈക്കൊള്ളുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ലോക കേരളസഭ അംഗത്വ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, സമീക്ഷ യു.കെയെ പ്രതിനിധീകരിച്ച് ചില പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ റദ്ദാക്കുന്നതിനായി സംഘടനയുടെ ഔദ്യോഗിക ഇമെയില്‍  വിലാസത്തില്‍ നിന്ന് അനധികൃതമായി നോര്‍ക്കയിലേക്കു വ്യാജ സന്ദേശം അയച്ചതായി വിവരം ലഭിച്ചു. സംഘടനയുടെ അറിവോ അനുമതിയോ കൂടാതെയാണ് ഇത്തരമൊരു നീക്കം നടന്നതെന്നതാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും നിരന്തരം ആശയവിനിമയം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായും NORKA Roots അധികൃതരുമായി നടത്തിയ ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നാതായിരുന്നു.

സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ദേശീയ കമ്മിറ്റി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. 19 അംഗ ദേശീയ കമ്മിറ്റിയില്‍ 15 പേര്‍ പങ്കെടുത്ത യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു.  വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടന്നതായി കമ്മിറ്റി വിലയിരുത്തി.

ബര്‍മിംഗ്ഹാമില്‍ നടന്ന സമീക്ഷ യു.കെ ഏഴാം ദേശീയ സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ദേശീയ സെക്രട്ടറിയുടെയും ദേശീയ പ്രസിഡന്റിന്റെയും ഭാഗത്ത് നിന്നാണ് ഈ ഗുരുതര വീഴ്ച ഉണ്ടായതെന്ന് കമ്മിറ്റി കണ്ടെത്തി. സംഘടനയുടെ വിശ്വാസ്യതയെ തകര്‍ക്കുകയും പ്രവര്‍ത്തകരുടെ അവകാശങ്ങളെ ബാധിക്കുകയും ചെയ്യുന്ന രീതിയിലുള്ള നീക്കമാണിതെന്ന് കമ്മിറ്റി ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ദേശീയ സെക്രട്ടറിയെ സംഘടനയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, വിഷയത്തില്‍ പ്രസിഡന്റിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും നിശ്ചിത സമയപരിധിക്കകം തൃപ്തികരമായ വിശദീകരണം ലഭിക്കാത്ത പക്ഷം അദ്ദേഹത്തിനെതിരെയും കര്‍ശനമായ സംഘടനാപരമായ നടപടി സ്വീകരിക്കണമെന്നും തീരുമാനിച്ചു.

കമ്മിറ്റി നിര്‍ദേശപ്രകാരം  സെക്രട്ടറി ജിജു സൈമണിനെ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു.

പ്രസിഡന്റ്  നാളിതുവരെയും കമ്മിറ്റിക്കു മറുപടി നല്‍കാതെ രാജിവച്ച സെക്രട്ടറിയുമായി ചേര്‍ന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നിരന്തരം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

മുന്‍ പ്രസിഡന്റും മുന്‍ സെക്രട്ടറിയും ചേര്‍ന്ന്   സമീക്ഷയുടെ  സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍,  സമീക്ഷയുടെ ബാങ്ക് അക്കൗണ്ട് തുടങ്ങിയവ  കൈവശം വച്ചുകൊണ്ടിരിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്  ബാങ്ക് ബാലന്‍സ് തുക നഷ്ടപ്പെടാതെ ദേശീയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പുതിയ ബാങ്ക് അകൗണ്ടിലേക്കു മാറ്റി സുരക്ഷിതമാക്കിയതായും സമീക്ഷ നേതൃത്വം അറിയിച്ചു.

സംഘടനയുടെ തീരുമാനങ്ങളെ മാനിക്കാതെ ഇവര്‍ പുറത്തുള്ള മറ്റു ചിലരുമായി ചേര്‍ന്ന്   സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയും സമീക്ഷയുടെ പ്രവര്‍ത്തകരെയും നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയും ദേശീയ കമ്മിറ്റി ഗൗരവത്തോടെ കാണുന്നു.  സംഘടനയില്‍ യാതൊരു ഔദ്യോഗിക ബന്ധവും നിലനില്‍ക്കാത്ത ചില പുറത്താക്കപ്പെട്ട വ്യക്തികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സമീക്ഷ യു.കെ യുടെ എട്ടാം ദേശീയ സമ്മേളനത്തിലേക്ക് ശക്തമായി മുന്നേറുന്ന ഈ ഘട്ടത്തില്‍ സംഘടനയെ തകര്‍ക്കാനുള്ള ഏത് ശ്രമവും പ്രവര്‍ത്തകരുടെ ഐക്യശക്തിയാല്‍ ചെറുക്കപ്പെടുമെന്ന് ദേശീയ കമ്മിറ്റി വ്യക്തമാക്കുന്നു. സമീക്ഷയുടെ അടിസ്ഥാനം ജനാധിപത്യവും പുരോഗമന ചിന്തയും കൂട്ടായ പ്രവര്‍ത്തനവുമാണ്. അത് തകര്‍ക്കാന്‍ ആരും കഴിയില്ല.

പ്രവര്‍ത്തകരും പൊതുജനങ്ങളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളില്‍ വീഴാതിരിക്കുകയും സംഘടനയുടെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയും വേണമെന്ന് ദേശീയ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

സംഘടനയുടെ ഐക്യം സംരക്ഷിച്ച് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോകാനുള്ള പ്രതിജ്ഞയോടെയാണ് സമീക്ഷ യു.കെ മുന്നേറുന്നത്.

 

സമീക്ഷ യു.കെ ദേശീയ കമ്മിറ്റി

 

 




കൂടുതല്‍വാര്‍ത്തകള്‍.