CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 40 Seconds Ago
Breaking Now

ആവശ്യത്തിന് ജീവനക്കാരില്ല, രോഗികള്‍ അപകടത്തില്‍! മൂന്നില്‍ രണ്ട് നഴ്‌സുമാരും പങ്കുവെയ്ക്കുന്നു അപകടകരമായ അവസ്ഥ; ജനസംഖ്യക്ക് പ്രായമേറുമ്പോള്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കും; മിനിമം സ്റ്റാഫിംഗ് വേണമെന്ന് യൂണിയനുകളും

നഴ്‌സുമാരില്‍ 64% പേരും ഷിഫ്റ്റിലുള്ള രജിസ്റ്റേഡ് നഴ്‌സുമാരുടെ എണ്ണം കുറവോ, വളരെ കുറവോ ആണെന്ന് രേഖപ്പെടുത്തി

ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകള്‍. ബജറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി ലാഭം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കലും ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ ഈ വെട്ടിനിരത്തലില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടുന്നില്ലെന്നാണ് കരുതിയതെങ്കിലും പിന്നീട് ഈ ധാരണ തെറ്റിയെന്ന് തിരിച്ചറിയുകയായിരുന്നു. 

എന്നാല്‍ ആവശ്യത്തിന് ജീവനക്കാര്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നില്ലെന്നത് രോഗികളുടെ സുരക്ഷയെയും, കൃത്യമായ പരിചരണത്തെയും ബാധിക്കുന്നതായി മൂന്നില്‍ രണ്ട് നഴ്‌സുമാര്‍ സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടു. ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതും, പ്രായമേറുന്ന ജനസംഖ്യയില്‍ നിന്നും സങ്കീര്‍ണ്ണമായ മെഡിക്കല്‍ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതും രോഗികള്‍ക്ക് മാരകമായി മാറുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. 

തങ്ങള്‍ കയറിയ അവസാന ഷിഫ്റ്റില്‍ ആവശ്യമുള്ളതിലും താഴെ നഴ്‌സുമാരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്ന് ആര്‍സിഎന്‍ നടത്തിയ സര്‍വ്വെയില്‍ 22 ശതമാനത്തിലേറെ പേര്‍ വെളിപ്പെടുത്തി. ഇതുമൂലം പരിചരണം 'അഡ്ജസ്റ്റ്' ചെയ്യേണ്ടി വന്നുവെന്നും ഇവര്‍ വ്യക്തമാക്കി. രോഗികള്‍ക്കും, ജീവനക്കാര്‍ക്കും വലിയ തോതിലുള്ള അപകടമാണ് ഇത് വരുത്തിവെയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സര്‍വ്വെയില്‍ പങ്കെടുത്ത 13,000-ലേറെ നഴ്‌സുമാരില്‍ 64% പേരും ഷിഫ്റ്റിലുള്ള രജിസ്റ്റേഡ് നഴ്‌സുമാരുടെ എണ്ണം കുറവോ, വളരെ കുറവോ ആണെന്ന് രേഖപ്പെടുത്തി. ഇതോടെ ഷിഫ്റ്റുകളില്‍ നിര്‍ബന്ധമായും മിനിമം സേഫ് നഴ്‌സ് സ്റ്റാഫിംഗ് നിലവാരം പാലിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവും, ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.