
















മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബ്രിട്ടന്റെ സകല മേഖലകളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് ഭവനവിപണി. ഉയരുന്ന പണപ്പെരുപ്പം മോര്‍ട്ട്‌ഗേജ് നിരക്കുകളെ നേരിട്ട് സ്വാധീനിക്കുമെന്നതാണ് ഈ തിരിച്ചടിക്ക് കാരണം.
മോര്‍ട്ട്‌ഗേജ് നിരക്കുകളും, പണപ്പെരുപ്പവും കുതിച്ചുയരുമെന്ന ആശങ്കയില്‍ വീട് വാങ്ങുന്നവര്‍ പിന്നോട്ട് വലിഞ്ഞ് നില്‍ക്കുന്നതിനാല്‍ ഹൗസിംഗ് വിപണി ദുര്‍ബലമായ സ്ഥിതിയിലാണെന്ന് എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും വീട് വാങ്ങാന്‍ ശ്രമിക്കുന്നവരുടെ ഡിമാന്‍ഡ് സാരമായി താഴ്ന്നിട്ടുണ്ടെന്ന് റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വ്വെയേഴ്‌സ് നടത്തിയ സര്‍വ്വെ പറയുന്നു.
വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, വില്‍ക്കാന്‍ ശ്രമിക്കുന്നവരും ജാഗ്രതയോടെയാണ് നില്‍ക്കുന്നത്. വരും മാസങ്ങളില്‍ പണപ്പെരുപ്പവും, പലിശ നിരക്കുകളും ഉയരുന്നത് വില്‍പ്പന കുറയാന്‍ ഇടയാക്കുമെന്ന് ഉപഭോക്താക്കള്‍ ആശങ്കപ്പെടുന്നതായി എസ്റ്റേറ്റ് ഏജന്റുമാര്‍ വ്യക്തമാക്കി. വിപണിയിലേക്ക് എത്തുന്ന വീടുകളുടെ എണ്ണം കുറയുമെന്നും, വാങ്ങുന്നവര്‍ വില കാര്യമായി ശ്രദ്ധിക്കുമെന്നതും പ്രതിസന്ധിയായി കരുതുന്നു.
പലിശ നിരക്കുകള്‍ വരും മാസങ്ങളില്‍ ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ മാസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ അരങ്ങേറുന്ന യുദ്ധം മൂലം പണപ്പെരുപ്പം ഉയരുന്നത് ഒരുവിധത്തിലും തടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എണ്ണ, ഗ്യാസ് വിലകളില്‍ ഇത് സൃഷ്ടിക്കുന്ന കുതിച്ചുചാട്ടം പണപ്പെരുപ്പത്തിലേക്ക് സംഭാവന നല്‍കുകയാണ്.