
















സിഖ് വംശജരുടെ പരമ്പരാഗത വാള്‍ ഉപയോഗിച്ച് നടത്തിയ അക്രമണത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ സിഖുകാരനും, അമ്മയും വിചാരണ നേരിടുന്നു. 23-കാരന്‍ വിക്രും ദിഗ്വയാണ് രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന 18-കാരന്‍ ഹെന്‍ട്രി നോവാകിനെ കുത്തിക്കൊന്നത്.
ദിഗ്വയ്ക്ക് പുറമെ മകനെ സഹായിച്ച ഇയാളുടെ അമ്മ 53-കാരി കിരണ്‍ കൗറും കൊലക്കേസില്‍ വിചാരണ നേരിടുകയാണ്. സംഭവസ്ഥലത്തേക്ക് എത്തിയ കൗര്‍ വാളെടുത്ത് വീട്ടിലെ ആയുധശേഖരത്തില്‍ കൊണ്ടുപോയി ഒളിപ്പിച്ച് വെച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ഇരുവരും കുറ്റങ്ങള്‍ നിഷേധിക്കുന്നുണ്ട്.
സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടന്‍സി & ഫിനാന്‍സ് പഠിക്കുകയായിരുന്നു നോവാക്. 2023 ഡിസംബര്‍ 3ന് തന്റെ ഫുട്‌ബോള്‍ ടീമിനൊപ്പം രാത്രി പുറത്ത് പോയതായിരുന്നു കൗമാരക്കാരന്‍. സ്‌നാപ്ചാറ്റില്‍ സുഹൃത്തുക്കളോട് സംസാരിച്ച് നടക്കവെയാണ് ദിഗ്വയുമായി കണ്ടുമുട്ടുന്നത്.
ദിഗ്വയുടെ കുത്തേറ്റതോടെ നോവാക് ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഖുകാരന്‍ പിന്നാലെ കൂടി. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതിപ്പെട്ടതിനാല്‍ നോവാകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനിടെ കുഴഞ്ഞുവീണ കൗമാരക്കാരന്‍ തെരുവില്‍ വെച്ച് മരിച്ചു.
ഹെന്‍ട്രി നോവാക് തനിക്കെതിരെ മദ്യപിച്ച് വംശീയ അക്രമം നടത്തിയെന്നാണ് ദിഗ്വ വാദിക്കുന്നത്. എന്നാല്‍ മുറിവേല്‍പ്പിച്ചത് എങ്ങനെയാണെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും ഇയാള്‍ പറയുന്നു. രണ്ട് കാലുകളുടെ പിന്നിലും, ശ്വാസകോശത്തിലുമാണ് നോവാകിന് കുത്തേറ്റത്. വീട്ടില്‍ ഒളിപ്പിച്ച വാളില്‍ നിന്നും ഡിഎന്‍എ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വംശീയ അധിക്ഷേപത്തെ തുടര്‍ന്നാണ് അക്രമണമെന്ന വാദത്തിന് ആസ്പദമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.