
















ഹിന്ദുക്കള്‍ക്കെതിരെയുണ്ടാകുന്ന വിദ്വേഷ അതിക്രമങ്ങളും വിവേചനങ്ങളും നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി യുകെയില്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിച്ചു. ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ടുള്ള ശത്രുതയും വിദ്വേഷ കുറ്റകൃത്യങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് ഇതിന്റെ സംഘാടകര്‍ വ്യക്തമാക്കി. 'ആന്റി-ഹിന്ദു ഹേറ്റ് മോണിറ്ററിംഗ് സെന്റര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, ഹിന്ദുവിരുദ്ധ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന ആവശ്യങ്ങള്‍ക്കിടയിലാണ് യുകെയില്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
ബ്രിട്ടനിലുടനീളം ഹിന്ദുക്കള്‍ക്ക് നേരെയുണ്ടാകുന്ന വിദ്വേഷത്തിന്റെ കൃത്യമായ സ്വഭാവം മനസ്സിലാക്കുന്നതിനായി ഈ കേന്ദ്രം പരാതികള്‍ ശേഖരിക്കുകയും സംഭവങ്ങള്‍ രേഖപ്പെടുത്തുകയും അതിനൊപ്പം ഡാറ്റ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇത്തരം മോശം അനുഭവങ്ങള്‍ നേരിടുന്ന ഇരകള്‍ പലപ്പോഴും അത് തുറന്നുപറയാന്‍ മടിക്കാറുണ്ടെന്നും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഹിന്ദുവിരുദ്ധ വിദ്വേഷങ്ങളെ എപ്പോഴും കൃത്യമായി കണ്ടെത്താന്‍ കഴിയാറില്ലെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.
സമീപകാലത്തായി യുകെയിലെ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ഉപദ്രവങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപ്പേര്‍ ഇത്തരമൊരു പ്രത്യേക നിരീക്ഷണ സംവിധാനത്തിന്റെ ആവശ്യകതയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. യുകെയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിദ്വേഷ സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ പ്ലാറ്റ്ഫോമിന്റെ വരവ്.
ഹിന്ദുവിരുദ്ധ വിവേചനങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും പരാതികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പ്ലാറ്റ്ഫോം വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, നിയമവിദഗ്ദ്ധര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.