
















സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ താല്‍ക്കാലികമായി നിലവിലുള്ള 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരാന്‍ സമ്മതിച്ച് കീര്‍ സ്റ്റാര്‍മര്‍. ഇറാന്‍ യുദ്ധം ജീവിതച്ചെലവ് പ്രതിസന്ധി വഷളാക്കുന്നതിനിടെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന നടപ്പാക്കരുതെന്ന് വിവിധ മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍പ്പോഴും പ്രതിരോധിച്ച് നിന്ന പ്രധാനമന്ത്രിയും, ചാന്‍സലറും ഒടുവില്‍ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു.
ജീവിത സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഇത് അനിവാര്യമായ പ്രതികരണമാണെന്നാണ് സ്റ്റാര്‍മര്‍ ഇപ്പോള്‍ പറയുന്നത്. ഇതിന് പുറമെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വിപുലമായ ഇടപെടല്‍ നടത്തുന്നുണ്ട്. 2022-ല്‍ റഷ്യയും, ഉക്രെയിനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഋഷി സുനാക് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചത്. റീവ്‌സ് ഈ പദ്ധതി സെപ്റ്റംബറില്‍ അവസാനിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു.
ജീവിതച്ചെലവ് പ്രതിസന്ധി വിഷയത്തില്‍ കൂടുതല്‍ പദ്ധതികള്‍ റീവ്‌സ് പ്രഖ്യാപിക്കും. കുട്ടികള്‍ക്ക് സൗജന്യ ബസ് യാത്ര, ചില ഭക്ഷ്യ ഇറക്കുമതികള്‍ക്കുള്ള താരിഫ് കുറയ്ക്കല്‍ എന്നിവയും നടപടികളില്‍ ഉണ്ടാകുമെന്നാണ് വിവരം. വ്യാഴാഴ്ച കോമണ്‍സില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഈ വര്‍ഷം പണപ്പെരുപ്പം ഉയരുകയും, ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ആഗസ്റ്റ് മാസത്തില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്നത് തന്റെ 'ഗ്രേറ്റ് ബ്രിട്ടീഷ് സമ്മര്‍ സേവിംഗ്‌സ് സ്‌കീം' ആകുമെന്നാണ് റീവ്‌സ് പറയുന്നത്. ഇതിന് പുറമെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 12 മാസത്തെ വെഹിക്കിള്‍ ടാക്‌സ് ഹോളിഡേയും ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.