
















യുകെ മലയാളി ഡോക്ടര്‍ ഷമീര്‍ ചന്ദ്രന്‍ രോഗികളോടും പരിചരണത്തിലുണ്ടായിരുന്ന വ്യക്തികളോടും ക്രൂരവും അപമാനകരവുമായി പെരുമാറിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് യുകെയിലെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് സ്ഥിരമായി പുറത്താക്കി. നേരത്തെ കാര്‍ലൈലിന് സമീപമുള്ള ഹൗണ്ട്ടണ്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെയാണ് മെഡിക്കല്‍ പ്രാക്ടീഷ്‌ണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് നടപടി സ്വീകരിച്ചത്.
ഡോ. ഷമീര്‍ പൊതുജനങ്ങള്‍ക്ക് ''ഗുരുതര ഭീഷണിയാണ്'' എന്ന് ട്രിബ്യൂണല്‍ വിലയിരുത്തി. കഴിഞ്ഞ മേയ് 5, 6 തീയതികളില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിംഗിന് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.
കേസില്‍, മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കുകയും നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ക്കും, 16 വയസ്സില്‍ താഴെയുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റത്തിനും ക്രൗണ്‍ കോടതി നാല് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇരകളെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കോടതി നടപടികളോട് സഹകരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ക്രിമിനല്‍ വിചാരണയ്ക്കിടെ ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
രോഗികളെ മാനസികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും കോടതി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രവൃത്തികളില്‍ ഒരു ഘട്ടത്തിലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് അയച്ച ഇമെയിലില്‍ യുകെയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും തന്റെ ഭാവി തകര്‍ത്തുവെന്നുമാണ് ഡോ. ഷമീര്‍ ആരോപിച്ചത്.
ഭാവിയിലും സമാന കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ആശങ്കയും മെഡിക്കല്‍ രംഗത്തിന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് രജിസ്റ്ററില്‍ നിന്ന് സ്ഥിരമായി നീക്കാന്‍ തീരുമാനിച്ചതെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. അപ്പീല്‍ കാലയളവില്‍ അടിയന്തര സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.