
















ബ്രിട്ടനില്‍ അധികാരത്തിലെത്തുന്ന ഓരോ ഗവണ്‍മെന്റിന്റെയും ലക്ഷ്യമാണ് രോഗത്തിന്റെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്ന ജനങ്ങളെ ജോലിക്ക് എത്തിക്കണമെന്നത്. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറുമ്പോഴും ഈ ദൗത്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നികുതി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
ഇതിന്റെ ഫലമായി ബ്രിട്ടനില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലുമാണ്. ഈ സ്ഥിതി അവസാനിപ്പിച്ച് ജനങ്ങളെ പണിക്കിറക്കാന്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന 'സിക്ക് നോട്ടുകള്‍' റദ്ദാക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ് ട്രയല്‍സ് ആരംഭിക്കുന്നത്.
11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം രോഗികള്‍ക്ക് നല്‍കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍. അനാരോഗ്യത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയും, ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന ജോലിക്കാരെ സര്‍ജറി അടിസ്ഥാനമാക്കിയ സോഷ്യല്‍ പ്രിസ്‌ക്രൈബേഴ്‌സിന് അരികിലേക്ക് വിടാനാണ് പുതിയ പൈലറ്റ് പ്രോഗ്രാമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യായാമ പദ്ധതികള്‍, കരിയര്‍ കോച്ചിംഗ് എന്നിവ നല്‍കി ഇവരെ എംപ്ലോയ്‌മെന്റില്‍ പിടിച്ചുനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രിസ്‌ക്രൈബേഴ്‌സ് നല്‍കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം നല്‍കിയ ഭൂരിപക്ഷം സിക്ക് നോട്ടുകളും ഇത് വാങ്ങിയ രോഗികള്‍ക്ക് ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന് രേഖപ്പെടുത്തിയവയാണ്. ഇതോടെ തൊഴില്‍ വിപണിയിലേക്ക് മടങ്ങിയെത്തുന്നത് അവസാനിക്കുന്ന സ്ഥിതിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന തടസ്സം സൃഷ്ടിക്കുന്നത് സിക്ക് നോട്ട് സംസ്‌കാരമാണന്ന് വിമര്‍ശനവുമുണ്ട്. ജിപിമാര്‍ നല്‍കുന്ന സിക്ക് നോട്ടുകള്‍ അംഗീകരിക്കാന്‍ നഴ്‌സുമാര്‍ക്കും, ഫാര്‍മസിസ്റ്റുകള്‍ക്കും അധികാരമുണ്ട്.