
















നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനത്തിന് രാജ്യത്ത് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് ടെലഗ്രാം. ടെലഗ്രാം താല്‍ക്കാലികമായി നിര്‍ത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പങ്കുവെച്ച പോസ്റ്റിന് താഴെ ടെലഗ്രാം ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ നിന്നും കമന്റ് അയച്ചായിരുന്നു പരിഹാസം.
'മോഷണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടൂ, വേഗതയില്‍ വാഹനം ഓടിക്കുന്നതിനാല്‍ റോഡുകള്‍ അടച്ചിടൂ' എന്നായിരുന്നു പരിഹാസം. ടെലഗ്രാം നിരോധിക്കുന്നതാണോ നീറ്റ് പരീക്ഷ ചോരാതിരിക്കാനുള്ള മാസ്റ്റര്‍ സ്ട്രോക്ക് എന്നായിരുന്നു കാര്‍ത്തിയുടെ പോസ്റ്.
അതേസമയം ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവും രംഗത്തത്തി. ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിസ്ഥാന പ്രശ്‌നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. വിലക്ക് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച നില്‍ക്കില്ല. സംവിധാനത്തിന് ഉള്ളിലുള്ളവര്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ നീക്കം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.