CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 9 Seconds Ago
Breaking Now

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; മൂന്ന് വയസുകാരനായ കാന്‍സര്‍ രോഗി മരിച്ചു

സാഗര്‍ ജില്ലയിലെ ബിന തെഹ്സിലിലുള്ള കൗര്‍ജ ഗ്രാമത്തില്‍ താമസിക്കുന്ന സിദ്ധാര്‍ത്ഥ് യാദവിന്റെ മകന്‍ സാര്‍ത്ഥക് യാദവ് എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്.

ഭോപ്പാല്‍ എയിംസില്‍ ചികിത്സാപ്പിഴവ്. രക്താര്‍ബുദത്തോട് പോരാടുകയായിരുന്ന മൂന്ന് വയസ്സുകാരന് മരുന്നിന് പകരം മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വിഷാംശമുള്ള ഫോര്‍മാലിന്‍ എന്ന രാസവസ്തു കുത്തിവെച്ചു. ക്രൂരമായ ഈ അനാസ്ഥയെത്തുടര്‍ന്ന് കുട്ടി മിനിറ്റുകള്‍ക്കകം മരണത്തിന് കീഴടങ്ങി. 2025 ഡിസംബറിലാണ് സംഭവം നടന്നത്. നിലവില്‍ കുറ്റക്കാരായ നഴ്സുമാര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.

സാഗര്‍ ജില്ലയിലെ ബിന തെഹ്സിലിലുള്ള കൗര്‍ജ ഗ്രാമത്തില്‍ താമസിക്കുന്ന സിദ്ധാര്‍ത്ഥ് യാദവിന്റെ മകന്‍ സാര്‍ത്ഥക് യാദവ് എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. രക്താര്‍ബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബര്‍ 15-നാണ് ഭോപ്പാല്‍ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 17-ന് രാവിലെയാണ് കുട്ടിയുടെ ജീവനെടുത്ത ആ മാരകമായ പിഴവുണ്ടായത്. കുട്ടിയുടെ ഐവി ലൈന്‍ ബ്ലോക്ക് ആയതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫീസര്‍ വാര്‍ഡില്‍ ഇരുന്ന ഒരു സിറിഞ്ച് എടുത്തു. അതില്‍ 'F' എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. യാതൊരുവിധ പരിശോധനയും നടത്താതെ നഴ്സ് ഈ സിറിഞ്ചിലെ ദ്രാവകം കുട്ടിയുടെ ഐവി കുപ്പിയിലേക്ക് കുത്തിവെക്കാന്‍ തുടങ്ങി.

ഇത് കണ്ട് പരിഭ്രാന്തനായ കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് യാദവ് നഴ്സിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ നഴ്സ് അത് കൂട്ടാക്കിയില്ലെന്ന് പിതാവ് ആരോപിക്കുന്നു.

'രാവിലെ ഒരു നഴ്സ് വന്ന് ഐവി ലൈന്‍ ബ്ലോക്ക് ആണെന്ന് പറഞ്ഞു. തുടര്‍ന്ന് അവള്‍ 'F' എന്ന് എഴുതിയ സിറിഞ്ച് എടുത്ത് ഐവി കുപ്പിയിലേക്ക് കുത്താന്‍ ആഞ്ഞു. മൂന്ന് തവണ ഞാന്‍ അവളെ തടഞ്ഞു. എന്നാല്‍ 'ഇവിടെ ഡോക്ടര്‍ ഞാനാണോ അതോ നിങ്ങളാണോ?' എന്ന് ചോദിച്ച് അവള്‍ എന്നെ ശകാരിച്ചു. അതിനു തൊട്ടുപിന്നാലെ എന്റെ മകന് ബോധം നഷ്ടപ്പെട്ടു,' - പിതാവ് സിദ്ധാര്‍ത്ഥ് കണ്ണീരോടെ പറഞ്ഞു.

വിഷം ഉള്ളില്‍ച്ചെന്നതോടെ കുഞ്ഞിന്റെ നില അതിവേഗം വഷളായി. ഉടന്‍ തന്നെ കുട്ടിയെ പി.ഐ.സി.യുവിലേക്ക്  മാറ്റി ഡോക്ടര്‍മാര്‍ സി.പി.ആര്‍ നല്‍കിയെങ്കിലും രാവിലെ 8:45-ഓടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

കുട്ടി കുഴഞ്ഞുവീണതോടെ തങ്ങളുടെ പിഴവ് മനസ്സിലാക്കിയ ആശുപത്രി ജീവനക്കാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. അപകടകരമായ ദ്രാവകം കലര്‍ന്ന ഐവി കുപ്പി ജീവനക്കാര്‍ തട്ടിയെടുത്ത് മാറ്റുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.

സംഭവത്തെക്കുറിച്ച് എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ നഴ്സുമാരുടെ ഗുരുതരമായ അനാസ്ഥ പൂര്‍ണ്ണമായും തെളിഞ്ഞു. ബയോപ്‌സി സാമ്പിളുകള്‍ക്കായി സിറിഞ്ചില്‍ എടുത്തു വെച്ചിരുന്ന ഫോര്‍മാലിന്‍ വാര്‍ഡില്‍ അശ്രദ്ധമായി തുറന്നുവെച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ ഫോര്‍മാലിനാണ് മരുന്നാണെന്ന് കരുതി കുട്ടിക്ക് കുത്തിവെച്ചത്.

കുട്ടിക്ക് രാസവസ്തു നേരിട്ട് നല്‍കിയ നഴ്സിംഗ് ഓഫീസര്‍ മധുബാല ശര്‍മ്മ, ഫോര്‍മാലിന്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട മറ്റൊരു നഴ്സിംഗ് ഓഫീസര്‍ അനുക ഗുജറാത്തി എന്നിവരാണ് പ്രതികള്‍. എയിംസ് മാനേജ്മെന്റ് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുകയും ജോലിയില്‍ നിന്ന് ഉടനടി നീക്കം ചെയ്യുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.