
















കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാരെ മാറിമാറി പരീക്ഷിച്ച ബ്രിട്ടന്‍. ലേബര്‍ അധികാരത്തിലെത്തിയതോടെ ഈ രീതിക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ മോഹം പൊലിയുകയാണ്. 2024 ജൂലൈ 5ന് വന്‍ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിച്ച കീര്‍ സ്റ്റാര്‍മര്‍ ഈ പ്രതിസന്ധിക്ക് ഒഴിവാക്കുമെന്ന് ധരിച്ചെങ്കിലും, ഏകദേശം 717 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ട ഗതികേടില്‍ എത്തിനില്‍ക്കുകയാണ്.
ഗവണ്‍മെന്റിന്റെ വീഴ്ചകളും, പോരായ്മകളും വേട്ടയാടിയപ്പോഴും പിടിച്ചുനിന്ന കീര്‍ സ്റ്റാര്‍മര്‍ക്ക് മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹാം വിജയിച്ച് കയറിയതോടെയാണ് ഇരുപ്പ് ഉറക്കാതായത്. പാര്‍ട്ടിയില്‍ തന്റെ നിയന്ത്രണം കൈവിട്ടതായി തിരിച്ചറിഞ്ഞ സ്റ്റാര്‍മര്‍ തിങ്കളാഴ്ച പ്രധാനമന്ത്രി പദം രാജിവെയ്ക്കുമെന്നാണ് നിലവിലെ സൂചനകള്‍.
ക്യാബിനറ്റിലെ മന്ത്രിമാര്‍, നം.10 ഉപദേശകര്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്ക് പുറമെ പ്രധാന ലേബര്‍ ഡോണര്‍മാരുമായും ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി തന്റെ പദവിക്ക് ഇനി ആയുസ്സില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ വിക്ടോറിയയുമായി സംസാരിക്കുന്ന കീര്‍ സ്റ്റാര്‍മര്‍ ഇപ്പോഴും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സംസാരമുണ്ട്.
തിങ്കളാഴ്ചയോ, ആഴ്ചയിലെ ഏതെങ്കിലും ദിവസമോ സ്റ്റാര്‍മറുടെ ഭാഗത്ത് നിന്നും വ്യക്തമായ പ്രസ്താവന ഉണ്ടാകുമെന്ന് സീനിയര്‍ ലേബര്‍ വൃത്തങ്ങള്‍ ഒബ്‌സേര്‍വറിനോട് പറഞ്ഞു. പ്രധാനമന്ത്രി പോരാട്ടം തുടരുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രതികരണം. ബേണ്‍ഹാമിന് പുറമെ മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നേതൃപോരാട്ടത്തിന് ഇറങ്ങാന്‍ ഒരുക്കത്തിലാണ്.