
















ലോകത്തിന്റെ സമാധാനം കെടുത്തി വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നു. ലോകത്തിലേക്ക് എണ്ണയൊഴുകട്ടെ എന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി സമാധാന കരാര്‍ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ലോകം. എന്നാല്‍ ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഇറാനാണ്.
ലെബനണില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ചൊടിപ്പിച്ചതോടെയാണ് കടലിടുക്ക് അടയ്ക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചത്. ഏതാനും ദിവസം മുന്‍പ് ഒപ്പുവെച്ച സമാധാന കാര്‍ അട്ടിമറിക്കപ്പെടുമോയെന്ന് പോലും ഇതോടെ ആശങ്ക ഉയരുകയാണ്.
തന്ത്രപരമായ കടലിടുക്കിലേക്ക് കപ്പലുകള്‍ എത്തരുതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കി. ആഗോള എണ്ണ, ഗ്യാസ് വിതരണത്തിലെ സുപ്രധാനമായ ഹോര്‍മുസിനെ ശ്വാസംമുട്ടിച്ചാണ് ഇറാന്‍ യുഎസിനെതിരെ മേല്‍ക്കൈ നേടുന്നത്. ലെബനണിലെ ഹിസ്ബുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ലെബനണില്‍ സമാന്തര ഭരണം നടത്തുകയാണ്. ഇസ്രയേലിന് ഭീഷണി ഉയര്‍ത്തുന്ന ഹിസ്ബുള്ളയ്ക്ക് എതിരായ അക്രമമാണ് ഇറാനെ ചൊടിപ്പിക്കുന്നത്. ഇസ്രയേല്‍ ലെബനണില്‍ കുറ്റകൃത്യം നടത്തുന്നുവെന്നാണ് ഇറാന്റെ വാദം. ഞായറാഴ്ച സ്വിറ്റ്‌സര്‍ലണ്ടില്‍ യുഎസുമായി ഇടക്കാല കരാറിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇരിക്കവെയാണ് പുതിയ പ്രതിസന്ധി.