
















വെയില്‍സിലെ കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന മലയാളിയായ വിഷ്ണു രേമാദേവിക്ക് രണ്ട് സ്ത്രീകള്‍ക്കെതിരായ ഗുരുതര ലൈംഗിക കുറ്റങ്ങളില്‍ പതിനൊന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
39-കാരനായ വിഷ്ണു രേമാദേവിക്കെതിരെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു സ്ത്രീ ലൈംഗികാതിക്രമ പരാതി നല്‍കിയത്. പരാതിക്കാരിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ മറ്റൊരു സ്ത്രീയും ഇതേ പ്രതിയുടെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും ഇരയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തുടര്‍ന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത പൊലീസ് ബലാത്സംഗം, ലൈംഗികാതിക്രമം, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, കഴുത്ത് ഞെരിച്ചുള്ള ശാരീരിക ഉപദ്രവങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി.
ആദ്യഘട്ടത്തില്‍ എല്ലാ കുറ്റങ്ങളും നിഷേധിച്ച വിഷ്ണു, രണ്ട് സ്ത്രീകളും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്ന് വാദിച്ചിരുന്നു. എന്നാല്‍ വിചാരണയുടെ ആദ്യദിവസം തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ശിക്ഷ വിധിച്ചത്.
കോടതി ഇയാളെ അപകടകാരിയായ കുറ്റവാളിയെന്നാണ് വിശേഷിപ്പിച്ചത്. പരാതിക്കാരില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരായ കേസില്‍ തെളിവായി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുമെന്ന് കോടതി വ്യക്തമാക്കി.