
















ഇസ്ലാമാബാദില്‍ മുന്‍ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാരം നടക്കുന്നു. ഒരു സാധാരണ കാര്യമായി കടന്നുപോകേണ്ട സ്വകാര്യ നിമിഷം. പക്ഷെ ആ ചടങ്ങില്‍ പങ്കെടുത്ത ആളുകളെ കണ്ട് ഞെട്ടുകയാണ് ലോകം.
ഇന്ത്യയിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയതിന്റെ മുഖ്യസൂത്രധാരന്‍ സൈഫുള്ള കസൂരിയും, ലഷ്‌കര്‍ ഇ-തോയ്ബ ഭീകരരുമാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ പങ്കെടുത്ത ഭീകരസംഘടനയാണ് ലഷ്‌കര്‍. ഈ സംഘത്തിലെ പ്രധാനികള്‍ അക്തറിനെ കെട്ടിപ്പുണരുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
മുംബൈ , പഹല്‍ഗാം ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ലഷ്‌കറും, അതിന്റെ നേതാക്കളും. കസൂരിക്ക് പുറമെ ലഷ്‌കറിന്റെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് പ്രസിഡന്റ് ഇനാം ഉര്‍ റഹ്മാനും സംസ്‌കാര ചടങ്ങിനെത്തിയിരുന്നു.
കസൂരി ഉള്‍പ്പെടെ തീവ്രവാദികള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യാവിരുദ്ധ തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയാണ് വീണ്ടും വെളിച്ചത്ത് വരുന്നത്. ഷോയിബ് അക്തറിനെ പോലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ ജീവിതങ്ങളില്‍ സാധാരണ പോലെ ഇടപെടാന്‍ ഇവര്‍ക്ക് കഴിയുന്നുവെന്നതും ഞെട്ടിക്കുന്ന വിഷയമാണ്.