
















ഇമിഗ്രേഷന് ബ്രിട്ടീഷുകാരുടെ ശമ്പളം കുറയാന്‍ ഇടയാക്കുമെന്ന് ടോറികള്‍. കുടിയേറ്റം രാജ്യത്തെ ശമ്പളം കുറയ്ക്കുകയാണെന്നും, 2031 ആകുമ്പോള്‍ വാര്‍ഷിക വരുമാനത്തില്‍ 2500 പൗണ്ട് വരെ ശരാശരി കുറവ് വരുമെന്നുമാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവര്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ചാണ് ഇമിഗ്രേഷന്‍ മൂലം യുകെ ജീവനക്കാര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തില്‍ 89.8 ബില്ല്യണ്‍ വരുമാനം കുറയുമെന്ന് കണക്കാക്കിയത്. ശരാശരി ജോലിക്കാര്‍ക്ക് 2521 പൗണ്ട് വീതം പ്രതിവര്‍ഷം നഷ്ടം വരുത്തുന്നതാണ് ഈ അവസ്ഥ.
സ്പാനിഷ് അതിര്‍ത്തി കടന്ന് 60,000 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ എത്തിയതോടെയാണ് കൂട്ട കുടിയേറ്റം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. ബുധനാഴ്ച മാത്രം യുകെയിലേക്ക് 752 അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ വഴി കടന്നെത്തി. ഒബിആര്‍ പ്രവചനങ്ങള്‍ പ്രകാരം 2026 മുതല്‍ 2031 വരെ കാലയളവില്‍ ഏകദേശം 1.4 മില്ല്യണിലേക്ക് നെറ്റ് മൈഗ്രേഷന്‍ ഉയരുമെന്നാണ് കണക്ക്.
കുടിയേറ്റക്കാര്‍ വര്‍ദ്ധിക്കുന്നതോടെ ബ്രിട്ടനില്‍ തൊഴിലുകള്‍ക്ക് മത്സരം കൂടുകയും, ശമ്പളത്തില്‍ സമ്മര്‍ദം നേരിട്ട് ഇത് കുറയാന്‍ ഇടയാകുകയും ചെയ്യും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം കുടിയേറ്റ-സ്വദേശി അനുപാതത്തില്‍ 10 ശതമാനം വര്‍ദ്ധന നേരിട്ടാല്‍ ശരാശരി വരുമാനം 0.93 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇമിഗ്രേഷന് വാര്‍ഷിക ക്യാപ്പും, വിസ നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യണമെന്നാണ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആവശ്യപ്പെടുന്നത്. കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ സ്റ്റാറ്റസിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും, ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ ഐഎല്‍ആര്‍ ലഭിച്ചാല്‍ 12 മാസം കാത്തിരുന്നാല്‍ മതിയെന്നത് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തുകയും ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്.