
















ഇന്ത്യയില്‍ തട്ടിപ്പ് നടത്തി മുങ്ങുന്ന ശതകോടീശ്വരന്‍മാരുടെ പ്രധാന വിഹാരകേന്ദ്രമാണ് ബ്രിട്ടന്‍. യുകെയുടെ മൃദുസമീപനങ്ങള്‍ ഇത്തരക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി പല ഘട്ടത്തിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കേസുകളിലെ മെല്ലെപ്പോക്കാണ് അനധികൃത കുടിയേറ്റക്കാരെ കൈമാറുന്നത് സ്വീകരിക്കാന്‍ തയ്യാറല്ലെന്ന ഇന്ത്യന്‍ നിലപാടിലേക്ക് കൊണ്ടെത്തിച്ചതെന്ന് മുന്‍ ഹോം സെക്രട്ടറി തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് യുകെയിലെത്തിയ തട്ടിപ്പുകാര്‍ പരസ്പരം ബന്ധപ്പെടുന്നതായും, നിയമത്തിന്റെ കണ്ണുവെട്ടിക്കാനുള്ള പഴുതുകള്‍ ഉപയോഗിക്കാന്‍ സഹായം നല്‍കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സാമ്പത്തിക കുറ്റകൃത്യം നടത്തി മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്ല്യയും, പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ച നിരവ് മോദിയും കൂടിക്കാഴ്ച നടത്തിയതായാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.
മല്ല്യയുടെ ശതകോടികള്‍ മൂല്യമുള്ള ടൗണ്‍ഹൗസില്‍ നിരവ് കൂടിക്കാഴ്ചയ്ക്കായി എത്തിയെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ലണ്ടനില്‍ സാധാരണ നിലയില്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്ന നിരവിന്റെ രീതി വിഡ്ഢിത്തമാണെന്ന് മല്ല്യ വിമര്‍ശിച്ചതായാണ് വിവരം. ഈ ഉപദേശം വജ്രവ്യാപാരി കാര്യമായെടുത്തില്ല. ഒടുവില്‍ ലണ്ടനില്‍ നിന്നും 2019 മാര്‍ച്ചില്‍ ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു.
വജ്രവ്യാപാര മേഖലയില്‍ നിന്നുള്ള ശ്രോതസ്സുകളാണ് ടെലഗ്രാഫിന് നിരവിന്റെ കേന്ദ്രം സംബന്ധിച്ച് വിവരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി സസുഖം ലണ്ടനില്‍ കഴിയുന്നതായി വാര്‍ത്തകള്‍ വന്നതോടെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
മല്ല്യ യുകെയില്‍ പിന്തുടര്‍ന്ന രീതിയാകാം നിരവിന് ഒളിവില്‍ പോകാതിരിക്കാന്‍ ആത്മവിശ്വാസം നല്‍കിയത്. എന്നാല്‍ അറസ്റ്റിലായ മല്ല്യക്ക് ജാമ്യം കിട്ടിയപ്പോള്‍ നിരവ് ഏഴ് വര്‍ഷമായി ജയിലില്‍ തന്നെയാണ്.