CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 37 Seconds Ago
Breaking Now

വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് ഇന്ന് കോടതിയില്‍

ഇരുപക്ഷവും കോടതിയില്‍ ഹാജരാകാതിരുന്നതോടെ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ സി ജോസഫ് വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിന്റെ വാദം കേള്‍ക്കല്‍ ഇന്ന് ചെംഗല്‍പേട്ട് കുടുംബ കോടതിയില്‍. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വന്‍ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹര്‍ജി ചെംഗല്‍പട്ട് കുടുംബ കോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇരുപക്ഷവും കോടതിയില്‍ ഹാജരാകാതിരുന്നതോടെ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു.

2025 ഡിസംബര്‍ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗല്‍പട്ട് ജില്ലാ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു. ഏപ്രില്‍ 20ന് നടന്ന വാദം കേള്‍ക്കലില്‍, പ്രമുഖ വ്യക്തിത്വങ്ങളായതിനാലും സുരക്ഷാപരമായ ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും നിലനില്‍ക്കുന്നതിനാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുമതി നല്‍കണമെന്ന് ഇരുവിഭാഗവും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിജയിക്കും സംഗീതയ്ക്കും എന്ന് നേരിട്ട് ഹാജരാകാന്‍ സാധിക്കുമെന്ന് ജഡ്ജി അഭിഭാഷകരോട് ആരായുകയും ജൂണ്‍ മാസത്തില്‍ സാധ്യമാകുമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ 15ലേക്ക് മാറ്റി വെച്ചിരുന്നത്.

അന്ന് ജഡ്ജി സുജാതയ്ക്ക് മുന്‍പാകെ കേസ് വീണ്ടും പരിഗണനയ്ക്കെത്തി. കേസിന്റെ 'വക്കാലത്ത് നാമ' ഇതുവരെ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് നടപടികള്‍ക്കിടെ ജഡ്ജി സംഗീതയുടെ അഭിഭാഷകനോട് ചോദിച്ചു. കൂടാതെ, ഇരു വ്യക്തികളുടെയും സാധുവായ ഇമെയില്‍ വിലാസങ്ങള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി. ഹര്‍ജിക്കാരിയായ സംഗീതയുടെയും എതിര്‍കക്ഷിയായ മുഖ്യമന്ത്രി വിജയിയുടെയും ഇമെയില്‍ വിലാസങ്ങള്‍ ആദ്യം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇന്ന് വിജയും സംഗീതയും നേരിട്ട് ഹാജരാകുമോ അതോ അടച്ചിട്ട മുറിയിലെ നടപടികള്‍ വഴി വിശദീകരണം നല്‍കുമോ എന്ന കാര്യത്തില്‍ ആകാംക്ഷ വര്‍ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ സുരക്ഷാ ആശങ്കകളും ഭരണപരമായ ചുമതലകളും കണക്കിലെടുത്ത് വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് വിജയിക്ക് ഇളവ് ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.