
















മൂന്ന് പെണ്‍മക്കളെ മികച്ച വിദ്യാഭ്യാസം നല്‍കി ജീവിതത്തില്‍ ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത പിതാവ് മരിച്ചപ്പോള്‍ പോലും മക്കളെത്തിയില്ല, ഹരിയാനയിലെ സോനിപത്തിലെ ഒരു വൃദ്ധസദനത്തില്‍ അന്തരിച്ച ശിവ്ചരണ്‍ റാം രതന്‍ ഗുപ്തയുടെ അന്ത്യകര്‍മത്തില്‍ പെണ്‍മക്കള്‍ക്ക് നേരിട്ട് പങ്കെടുക്കാനായില്ല. പകരം നേപ്പാള്‍, ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് വീഡിയോ കോളിലൂടെയാണ് അവര്‍ പിതാവിന്റെ അവസാന യാത്രയ്ക്ക് സാക്ഷിയായത്.
മുംബൈ സ്വദേശിയും മുന്‍ തുണിവ്യാപാരിയുമായിരുന്ന ഗുപ്ത കഴിഞ്ഞ ഒന്നര വര്‍ഷമായി സോനിപത്തിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാണ്‍ ശിക്ഷാ സമിതി നടത്തുന്ന വൃദ്ധസദനത്തിലായിരുന്നു താമസം. ഭാര്യ മീനയ്‌ക്കൊപ്പമാണ് അദ്ദേഹം അവിടെ എത്തിയത്. എന്നാല്‍ ഭാര്യ നേരത്തെ മരിച്ചിരുന്നു.
ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് ഗുപ്ത മരിച്ചത്. തുടര്‍ന്ന് വൃദ്ധസദന അധികൃതര്‍ മൂന്ന് പെണ്‍മക്കളെയും വിവരം അറിയിച്ചു. എന്നാല്‍ ആരും സോനിപത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വൃദ്ധസദനത്തിലെ ജീവനക്കാരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. പെണ്‍മക്കള്‍ വീഡിയോ കോളിലൂടെ ചടങ്ങുകള്‍ കണ്ടു.
വൃദ്ധസദനത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായ ആനന്ദ് കുമാര്‍ പറയുന്നതനുസരിച്ച്, ഗുപ്തയ്ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. അതിലൂടെ അദ്ദേഹം പതിവായി പെണ്‍മക്കളുമായി സംസാരിക്കുമായിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതോടെ ഫോണ്‍വിളികള്‍ കുറഞ്ഞു. മരണത്തിന് ഏകദേശം 20 ദിവസം മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായ വിവരം പെണ്‍മക്കളെ അറിയിച്ചിരുന്നെങ്കിലും ആരും സന്ദര്‍ശിക്കാന്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മരണശേഷവും സോനിപത്തിലേക്ക് എത്താന്‍ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും തിരക്കുമൂലം യാത്ര ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മക്കളുടെ മറുപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
നേപ്പാളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന മകള്‍ അനിത ഓണ്‍ലൈനായി 5,100 രൂപ അയച്ച് പിതാവിന്റെ അന്ത്യകര്‍മം യഥാവിധി നടത്തണമെന്ന് അഭ്യര്‍ഥിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം ചടങ്ങിന്റെ വീഡിയോയും അയച്ചുതരണമെന്ന് മക്കള്‍ ആവശ്യപ്പെട്ടു. വീഡിയോ കോളിനിടെ മകള്‍ അന്ത്യ കര്‍മ്മം കണ്ടു.