
















യുഎസില്‍ അമ്മയേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി. മാസച്യുസിറ്റ്‌സിലെ ആക്ടന്‍ സ്വദേശിയായ അര്‍ജുന്‍ ഗോവിന്ദാണ് (17) ബുധനാഴ്ച പിടിയിലായത്. അമ്മ സുധ വെങ്കടേശന്‍ (45) സഹോദരന്‍ സിദ്ധാര്‍ത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ആക്ടന്‍ ബോക്‌സ്‌ബോറോ റീജണല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അരവിന്ദ് വീടിനുള്ളില്‍ വച്ച് സുധയേയും സിദ്ധാര്‍ത്ഥിനേയും കൊലപ്പെടുത്തുകയും തുടര്‍ന്ന് സുധയുടെ കാറില്‍ രക്ഷപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ട്യൂഷന്‍ അധ്യാപിക വീട്ടിലെത്തിയെങ്കിലും ആരെങ്കിലും പുറത്തുകാണാത്തതിനാല്‍ സുധയുടെ ഭര്‍ത്താവിനെ വിളിച്ചു. ഇദ്ദേഹം വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധയുടെ മൃതദേഹം വീടിന്റെ ബേസ്‌മെന്റിലും സിദ്ധാര്‍ത്ഥിന്റെത് ഒന്നാം നിലയിലുമാണ് കിടന്നിരുന്നത്. ഇരുവരുടേയും ശരീരങ്ങളില്‍ ക്ഷതമുണ്ടായിട്ടുണ്ടെങ്കിലും മരണകാരണവും എന്ത് ആയുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും കണ്ടെത്താനായിട്ടില്ല.
അടുത്തിടെ അര്‍ജുന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുടുംബത്തെ കൊല്ലുന്നതുമായി ബന്ധപ്പെട്ടുള്ള ഭാവനാസൃഷ്ടികളെ കുറിച്ച് ഇയാള്‍ ചാറ്റ്ജിപിടിയില്‍ തിരഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് മിഡില്‍സെക്‌സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രേതകഥകളുണ്ടാക്കാനും കഥാപാത്രങ്ങളെ സൃഷ്ടിക്കാനും സഹായിക്കാന്‍ അര്‍ജുന്‍ എഐ ചാറ്റ്‌ബോട്ടുകളോട് ആവശ്യപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.