CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 46 Seconds Ago
Breaking Now

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല് ; മുഖം നോക്കാതെ നടപടിയെടുക്കാന്‍ കെപിസിസി

അച്ചടക്ക നടപടി ഉള്‍പ്പടെ വൈകില്ലെന്നാണ് സൂചന.

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ മുഖം നോക്കാതെ നടപടിക്ക് കെപിസിസി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി എടുക്കാനാണ് തീരുമാനം. അച്ചടക്ക നടപടി ഉള്‍പ്പടെ വൈകില്ലെന്നാണ് സൂചന.

രമ്യ ഹരിദാസിനെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. എംഎല്‍എയുടെ അനുയായി പാളയം പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം എന്നിവര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എം എം ഹസ്സന്റെ നേതൃത്വത്തിലുളള കെപിസിസി അന്വേഷണ സമിതി ഇന്ന് പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിന് ശേഷമാകും നടപടിയുണ്ടാകുക. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

കെപിസിസി ജനറല്‍ സെക്രട്ടറി സജാദിന്റെ വീട്ടില്‍ വെച്ചായിരുന്നു രമ്യ ഹരിദാസ് എംഎല്‍എയും മറ്റ് പ്രവര്‍ത്തകരും തമ്മില്‍ അടിയുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് രമ്യയും, എംഎല്‍എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി രമ്യയും സജിത്തും രംഗത്തെത്തിയിരുന്നു.

ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നായിരുന്നു രമ്യ ഹരിദാസ് പറഞ്ഞത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിച്ചു. ഇതില്‍ കെപിസിസിയില്‍ പരാതി കൊടുത്തിരുന്നുവെന്നും രണ്ട് വിഭാഗങ്ങളോടും താന്‍ സഹകരിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തുമെന്നാണ് കരുതുന്നതെന്നും രമ്യ പറഞ്ഞിരുന്നു. രമ്യ ഹരിദാസിന്റേത് അഭിനയമാണെന്നും തന്റെ കൈയിലാണ് എംഎല്‍എ പിടിച്ച് തിരിച്ചതെന്നുമായിരുന്നു സജിത്ത് പറഞ്ഞത്. തന്റെ കൈ പിടിച്ച് തിരിച്ചിട്ട് വിടെടാ എന്ന് ബഹളം കൂട്ടുകയായിരുന്നുവെന്നും സജിത്ത് പറഞ്ഞു. എംഎല്‍എയും പാളയം പ്രദീപും രാത്രി സജാദിന്റെ വീട്ടിലേക്ക് പോകരുതായിരുന്നു. സജാദ് വിളിച്ചിട്ടാണ് ജനപ്രതിനിധിയെന്ന നിലയില്‍ അങ്ങോട്ടേക്ക് പോയത്. എംഎല്‍എ ഈ മട്ടില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പാളയം പ്രദീപ് മണ്ഡലത്തില്‍ പ്രശ്‌നമാണ്. പാലക്കാട്ടുകാരനായ ഇയാള്‍ മണ്ഡലത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സജിത്ത് വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.