
















തൃശ്ശൂര്‍ ദേശീയപാത 66-ല്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാത്ത അധികൃതരുടെ ഗുരുതര അനാസ്ഥയാണ് തമിഴ്നാട് സ്വദേശികളായ എട്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ മരണത്തിലേക്ക് വഴിതെളിച്ചതെന്ന് ആക്ഷേപം. അപകടം നടന്ന പനമ്പിക്കുന്ന് സെന്റര്‍ മുതല്‍ മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലം വരെ മാത്രമാണ് പ്രധാന പാതയിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്നത്. ഇവിടെയെത്തുമ്പോള്‍ വാഹനങ്ങള്‍ സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടണമെങ്കിലും യാതൊരു സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നില്ല.
സര്‍വീസ് റോഡിലേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനായി കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച ചെറിയ ഭിത്തി സ്ഥാപിക്കുക മാത്രമാണ് അധികൃതര്‍ ചെയ്തിരുന്നത്. സൂചനാ ബോര്‍ഡുകളോ വെളിച്ചമോ ഇല്ലാത്തതിനാല്‍ ഈ ഭിത്തിയില്‍ ഇടിച്ചുകയറി രണ്ടാഴ്ച മുന്‍പും ഇവിടെ അപകടമുണ്ടായിരുന്നു. അന്ന് കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലെ വന്‍ ദുരന്തത്തിന് തൊട്ടുമുന്‍പും മറ്റൊരു കാര്‍ ഇവിടെ അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.
പാതയോരത്ത് അനധികൃതമായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ലോറികളില്‍ ഒന്നിലേക്കാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറിയത്. അപകടത്തിന് തൊട്ടുപിന്നാലെ മറ്റ് രണ്ട് ലോറികളുടെ ഡ്രൈവര്‍മാര്‍ വാഹനങ്ങളുമായി സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ദിണ്ടിഗല്‍ പി.എസ്.എന്‍.എ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ വിശ്വ (20), സൂര്യ (20), സന്തോഷ് (20), പ്രസന്ന, യുവസഞ്ജിത് (20) എന്നിവരടക്കം എട്ടുപേരാണ് അപകടത്തില്‍ മരിച്ചത്.