CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 24 Minutes 28 Seconds Ago
Breaking Now

ഓര്‍പ്പിങ്ടനില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ 'ഒരുമ'യുടെ ഓണാഘോഷം അരങ്ങേറി

ഓര്‍പ്പിങ്ടന്‍: യു.കെയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ 'ഒരുമ' ഓര്‍പ്പിങ്ടന്റെ ( നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷം (ORUMA ONAM 2026) വിപുലമായ പരിപാടികളോടെ വര്‍ണ്ണാഭമായി കൊണ്ടാടി. പ്രവാസി മലയാളി കുടുംബങ്ങളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ഓര്‍പ്പിങ്ടന്‍ ആഘോഷവേദി ഒരു കൊച്ചു കേരളമായി മാറി. 

ഒരുമ വൈസ്പ്രസിഡന്റ് ബ്ലെസി ജെയിംസ് സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ഗണേഷ് ശിവന്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് ഭാരവാഹികളും ചേര്‍ന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

തുടര്‍ന്ന് താലപ്പൊലി, വാദ്യമേളങ്ങള്‍, പുലികളി/കടുവാകളി എന്നിവയുടെ അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. പ്രൗഢഗംഭീരമായ മാവേലി എഴുന്നള്ളത്തിന് ശേഷം റെനിറ്റ അരുണ്‍ അവതരിപ്പിച്ച മോഹിനിയാട്ടവും, സ്ത്രീകളുടെ മനംകവരുന്ന അതിമനോഹരമായ മെഗാ തിരുവാതിരയും അരങ്ങേറി. ഒരുമ ടീം അവതരിപ്പിച്ച ഓണം തീം മ്യൂസിക്, ഒരുമ യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന കൈകൊട്ടിക്കളി, ജൂനിയര്‍ വിഭാഗത്തിന്റെയും വനിതകളുടെയും ഗ്രൂപ്പ് ഡാന്‍സുകള്‍, പുരുഷന്മാരുടെ വഞ്ചിപ്പാട്ട് എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കാണികളുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ച 'അമ്മയും കുഞ്ഞും മെഗാ ഷോ' പരിപാടിയുടെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു. 

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയ്ക്ക് ശേഷം മലയാളികളുടെ ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ട് വിവിധ ഓണക്കളികളും ആവേശകരമായ വടംവലി മത്സരങ്ങളും നടന്നു. വൈകുന്നേരം വിഷ്ണു രാജ് സംഘവും (Vishnu Raj & Band) നയിച്ച തകര്‍പ്പന്‍ മ്യൂസിക്കല്‍ ഫ്യൂഷന്‍ ലൈവ് സംഗീതനിശ കാണികളെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലാറാടിച്ചു. റാഫിള്‍ ഡ്രോ നറുക്കെടുപ്പോടെയാണ് ആഘോഷ പരിപാടികള്‍ക്ക് സമാപനമായത്. 

അഖില നിതിന്‍, ആന്‍മരിയ, ആന്‍ഡ്രിയ, അക്ഷര എന്നിവര്‍ പരിപാടികളുടെ അവതാരകരായി തിളങ്ങി. 

പ്രസിഡന്റ് ഗണേഷ് ശിവന്റെയും സെക്രട്ടറി ബോബി അലക്‌സിന്റെയും ട്രഷറര്‍ സജിമോന്‍ മിഷേലിന്റെയും നേതൃത്വത്തിലാണ് ഓണാഘോഷം ഒരുക്കിയത്. വൈസ് പ്രസിഡന്റ് ബ്ലെസ്സി ജെയിംസ്, ജോയ്ന്റ് സെക്രട്ടറി ജിമ്മി ജെയിംസ്, ജോയിന്റ് ട്രഷറര്‍ ജിന്‍സ് ജോണ്‍ കമ്മറ്റി അംഗങ്ങളായലിജി ജസ്റ്റിന്‍, നിതിന്‍ സുഗുണന്‍, അരുണ്‍ അശോക്, അജിത ജോര്‍ജ്, അവിനാഷ് രാജന്‍, ബെനറ്റ്, ജൈസി തോമസ്, ജിബിന്‍ കുറുവിള, ജോ തോമസ്, ഷൈമോള്‍ വര്‍ഗീസ്, സോണി ജോസഫ്, സോണിയ ജോസ്, സ്റ്റെബിന്‍ പീറ്റര്‍, വേണു ഗോപാല്‍ എന്നിവരുടേയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായി. ഓണാഘോഷം വന്‍ വിജയമായത് കമ്മറ്റിയുടേയും അംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ഗേജ് മുഖ്യ സ്‌പോണ്‍സറായിരുന്നു, ലെജന്‍ഡ് സോളിസിറ്റേഴ്‌സ് , പവന്‍ കണ്‍സ്ട്രക്ഷന്‍സ് , കൃഷ്ണാസ് സ്റ്റോര്‍ ഓര്‍പ്പിങ്ടന്‍ , പ്ലാനറ്റ് ഗിയേഴ്‌സ്  എന്നിവര്‍ സഹ-സ്‌പോണ്‍സര്‍മാരായും സഹകരിച്ചാണ് ഈ മഹത്തായ ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷങ്ങള്‍ വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാ അംഗങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സെക്രട്ടറി ബോബി അലക്‌സ് നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.