CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 2 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായി ; വേദിയെ ഇളക്കിമറിച്ച് കാണികളുടെ മനം കവര്‍ന്ന് കലാ പ്രകടനങ്ങള്‍

നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന സിനിമാ താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രഗത്ഭ കലാകരന്‍മാര്‍ വേദിയെ ഇളക്കിമറിച്ചു കാണികളുടെ മനംകവര്‍ന്നു.

യുകെയിലെ ആദ്യകാല മലയാളി സംഘടനയും പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നുമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം എം സി എ) യുടെ ഓണാഘോഷ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ടും മികവാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടും  വര്‍ണാഭമായി. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന സിനിമാ താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രഗത്ഭ കലാകരന്‍മാര്‍ വേദിയെ ഇളക്കിമറിച്ചു കാണികളുടെ മനംകവര്‍ന്നു.

രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിച്ച ഓണഘോഷ പരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും രസകരമായ വിവിധ ഗെയിംസുകളുമായി മുന്നോട്ട് പോയി. ഉച്ചക്ക് 12 മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. ലിവര്‍പൂര്‍ അക്ഷയ കാറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. 

വൈകിട്ട് 4 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തില്‍ എം എം സി എ പ്രസിഡന്റ് റോസ്ബാസ്റ്റിയന്‍ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ജയന്‍ ജോണ്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. യുക്മ ചാരിറ്റി വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ് ആശംസകള്‍ നേര്‍ന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ജോയിന്റ് ട്രഷററും എം എം സി എ കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു. പൊതുയോഗത്തില്‍ വച്ച് വിവിധ മേഘലകളില്‍ മികവ് തെളിയിച്ച ബിന്റോ സൈമണ്‍ ലിയാ ജോബിന്‍സ് തുടങ്ങിയവരെയും യുക്മ വള്ളംകളിയില്‍ ടീമുകള്‍ക്ക് നേതൃത്വം നല്‍കിയ അഖില്‍ ജോര്‍ജിനെയും ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്തവരെയും, എ ലെവല്‍, ജി സി എസ് ഇ വിജയികളെയും വേദിയില്‍ ആദരിച്ചു.

ഒരിടവേളയ്ക്ക് ശേഷം അംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനമാനിച്ച് കമ്മിറ്റി തീരുമാനപ്രകാരം എം എം സി എ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ഉദ്ഘാടനവും ഓണാഘോഷ പരിപാടിയില്‍ വേദിയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡാന്‍സ് ടീച്ചര്‍മാരും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. വേദിയില്‍ ടീച്ചര്‍മാരുടെ ഡാന്‍സ് പെര്‍ഫോര്‍മന്‍സും ഉണ്ടായിരുന്നു.

തുടര്‍ന്ന്  എം എം സി എ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ജീനാ റോയ്, റിയാ അനീഷ്, അനീറ്റ ജിന്റോ, ജെയിന്‍ ജിന്റില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിയാ അനീഷ് , ജാസിം ഹംസ   എന്നിവരായിരുന്നു  പരിപാടികള്‍ ആങ്കര്‍മാരായി വളരെ മനോഹരമായി നിയന്ത്രിച്ചത്. 

ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചപ്പോള്‍ തന്നെ സ്‌കോട്‌ലന്‍ഡില്‍ പരിപാടിയില്‍ സംബന്ധിച്ച ശേഷം വൈകിട്ട് എത്താമന്നറിയിച്ച യുക്മയുടെ ആദരണീയനായ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയന്‍ 6 മണിക്ക് എത്തിച്ചേര്‍ന്നു. മുന്‍ എം എം സി എ പ്രസിഡന്റ് ജോബി മാത്യുവിന്റെ നേതൃത്വത്തില്‍ ഭാരവാഹികളും യുക്മ പ്രസിഡന്റിനെ സ്വീകരിച്ചു. വൈകിയെത്തിയതിലുള്ള ക്ഷമാപണത്തോടെ ആരംഭിച്ച തന്റെ പ്രസംഗത്തില്‍ നിലവിലെ ഭാരവാഹികളെയും മുന്‍ പ്രസിഡന്റുമാരെയും അനുസ്മരിച്ച് കൊണ്ട്, യുക്മ മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച എല്ലാ പരിപാടികളും ഏറ്റെടുത്ത് നടത്തി വന്‍ വിജയമാക്കിയതില്‍ എം എം സി എയുടെ നിര്‍ണായകമായ പങ്കിനെ അനുസ്മരിച്ചു. യുക്മ ചാരിറ്റിഫൗണ്ടേഷന്‍ ഒന്നര വര്‍ഷത്തിനിടെ രണ്ടു കോടിയോളം രൂപ യുകെ മലയാളികളുടെ സഹകരണത്തോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ വിഷമമനുഭവിച്ച യുകെ മലയാളികള്‍ക്ക് വിതരണം ചെയ്തകാര്യം ഓര്‍മിപ്പിച്ചു. യുക്മ നഴ്‌സസ് ഫോറം മെയ് മാസം അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം വന്‍പിച്ച വിജയമായിരുന്നുവെന്നും നഴ്സുമാര്‍ക്ക് വേണ്ടി നടത്തിവന്നിരുന്ന നിരവധിയായ ഇടപെടലുകള്‍ തുടര്‍ന്നും തുടരുമെന്നും അദ്ദേഹം അറിയിച്ചു.      തുടര്‍ന്ന് നവംബര്‍ 7-ാം തീയ്യതി ഗ്ലോസ്റ്ററില്‍ നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ കേരളത്തിന്റെ സാംസ്‌കാരിക ടൂറിസം മന്ത്രി പി സി  വിഷ്ണുനാഥ് സംബന്ധിക്കുമെന്നറിയിച്ചു. റീജിയണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായി നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാനും കാണികളാകുവാനും ഏവരേയും യുക്മ പ്രസിഡന്റ് ക്ഷണിച്ചു.

എം എം സി എ കുടുംബാംഗങ്ങളുടെ പരിപാടികള്‍ക്ക് ശേഷം പ്രശസ്ത സിനിമാ താരങ്ങള്‍ ബിനു അടിമാലി, തങ്കച്ചന്‍ വിതുര, പോള്‍സണ്‍ കൂത്താട്ടുകുളം,  അറഫാത്ത്, ഗായകരായ ലിജിന്‍, ഗ്രേഷ്യ  എന്നിവര്‍ നയിച്ച സൂപ്പര്‍ മെഗാ ഷോ കാണികളുടെ മനം കവര്‍ന്നു.  മെഗാഷോയില്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന് അറാഫത്തിന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ഇളക്കിമറിച്ചു. രാത്രി 9 മണിയോടെ ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.

ആഘോഷങ്ങള്‍ക്ക് എം എം സി എ ഭാരവാഹികളായ റോസ്ബിന്‍ സെബാസ്റ്റ്യന്‍, ജയന്‍ ജോണ്‍, അലക്‌സ് വര്‍ഗീസ്, സുമേഷ് രാജന്‍, ജിന്റില്‍ രാജ് സെബാസ്റ്റിയന്‍, ജനീഷ് കുരുവിള, ജോസഫ് മാത്യു, ജോബിന്‍ ജോസഫ്, അലന്‍ തോമസ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

എം എം സി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്‌പോണ്‍സര്‍ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമണ്‍സ് അക്കാദമി, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി യുകെ ലിമിറ്റഡ്, റോയല്‍ ഹെല്‍ത്ത് കെയര്‍, അപ്റ്റസ് ലീഗല്‍, കൈരളി ഇന്റര്‍നാഷണല്‍, ഐഡിയല്‍ കെയര്‍ സെലൂഷന്‍സ്, ഫെയര്‍മാര്‍ട്ട്, എഡ്‌സീസ് സ്‌കൂള്‍ ഓഫ് ഡ്രൈവിംഗ്, ജോവെന്‍ പ്രോമിസ്, ജെ എസ് ഡി ഡിസൈന്‍ കണ്‍സല്‍ട്ടന്‍സി ലിമിറ്റസ്,  എ & റ്റി സീഫ്രെഷ് ഫിഷ് മാര്‍റ്റ്, മിത്ര ഗൈഡഡ് വിത്ത് കെയര്‍, കേരള മോട്ടോഴ്സ്, ബുക്ക് ബോക്‌സ് യുകെ എന്നിവരായിരുന്നു മറ്റ് സ്‌പോണ്‍സര്‍മാര്‍.

എം എം സി എ ഓണാഘോഷം വന്‍വിജയമാക്കി എല്ലാ കുടുംബാംഗങ്ങള്‍ക്കും കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് റോസ്ബിന്‍ സെബാസ്റ്റിയന്‍, സെക്രട്ടറി ജയന്‍ ജോണ്‍ എന്നിവര്‍ നന്ദി അറിയിച്ചു.

പരിപാടികളുടെ കൂടുതല്‍ ഫോട്ടോകള്‍ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

 

https://photos.app.goo.gl/dbtckYqv93AfeuLM6

 

https://photos.app.goo.gl/HPK5DLubiNdH4Sd68

 

 




കൂടുതല്‍വാര്‍ത്തകള്‍.