
















എന്‍എച്ച്എസിലേക്ക് അധിക പണം ഒഴുക്കിയിട്ടും, വാഗ്ദാനങ്ങള്‍ പല തവണ നല്‍കിയിട്ടും സേവനങ്ങള്‍ മെച്ചപ്പെടാതെ ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍. നാഷണല്‍ ഓഡിറ്റ് ഓഫീസാണ് പണം നല്‍കിയിട്ടും സേവനം മെച്ചപ്പെട്ടില്ലെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം എ&ഇ സേവനങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ 6.6 ബില്ല്യണ്‍ പൗണ്ടാണ് ചെലവ് വന്നത്. എന്നാല്‍ സേവനങ്ങള്‍ മെച്ചപ്പെടുന്നതില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് എന്‍എഒ റിപ്പോര്‍ട്ട് പറയുന്നു.
കൊവിഡ് മഹാമാരി കാലത്ത് 173 ബില്ല്യണ്‍ പൗണ്ടായിരുന്ന എന്‍എച്ച്എസ് ബജറ്റ് ഈ വര്‍ഷം 210 ബില്ല്യണ്‍ പൗണ്ടായാണ് വര്‍ദ്ധിപ്പിച്ചത്. 'എ&ഇ ശ്രോതസ്സുകള്‍ വര്‍ദ്ധിപ്പിച്ചു, എന്നാല്‍ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലേക്ക് ഇത് നയിച്ചിട്ടില്ല', എന്‍എഒ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കാഷ്വാലിറ്റിയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നത് 1.7 മില്ല്യണിലേറെ ആളുകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു ദിവസവും, അതില്‍ കൂടുതലും കാത്തിരുന്നത് 5 ലക്ഷത്തോളം രോഗികളാണ്.
ആയിരക്കണക്കിന് രോഗികളെ ഇപ്പോഴും ഹാളിലും, ഇടറൂമുകളിലും പരിശോധിക്കുന്നതായി എന്‍എച്ച്എസ് കണക്കുകള്‍ പറയുന്നു. ആശുപത്രികള്‍ക്ക് രോഗം ഭേദമായ രോഗികളെ ഇപ്പോഴും വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ കാലതാമസം ആയിരക്കണക്കിന് ബെഡുകള്‍ തടഞ്ഞ് കിടക്കുന്ന അവസ്ഥ വരുത്തുകയും, ബില്ല്യണ്‍ കണക്കിന് പൗണ്ട് നഷ്ടവും വരുത്തുന്നു.