CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 38 Seconds Ago
Breaking Now

നാലു കുഞ്ഞുമക്കളേയും എമിലിനേയും തനിച്ചാക്കി ചിഞ്ചു മടങ്ങി ; കണ്ണീരോടെ യാത്രയാക്കി പ്രിയപ്പെട്ടവര്‍

അമ്മയെ നഷ്ടമായ നാലു കുരുന്നുകളുടെ കരച്ചില്‍, പ്രിയപ്പെട്ടവളെ നഷ്ടമായ എമില്‍, മകളെ നഷ്ടമായ മാതാപിതാക്കള്‍ ..ചിഞ്ചുവിന്റെ വിയോഗത്തില്‍ യാത്രയാക്കാന്‍ എത്തിയവര്‍ക്ക് ഇതെല്ലാം ഒരു തീരാ നോവു തന്നെയായിരുന്നു. അപ്രതീക്ഷിതമായി വിടപറഞ്ഞ ചിഞ്ചുവിന് കണ്ണീരോടെ പ്രിയപ്പെട്ടവര്‍ യാത്രയാക്കി.

ജീവന്റെ ഒരു തുടിപ്പുകൂടി സമ്മാനിച്ചു കൊണ്ട് ചിഞ്ചു പോയി. ചിരിയും സ്‌നേഹവും നിറഞ്ഞ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന ചിഞ്ചു ഇനി ഓര്‍മ്മയാണ്.

പ്രസവിച്ച കുഞ്ഞുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ചിഞ്ചു നാലു മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം സ്വപ്‌നം കാണുമ്പോഴായിരുന്നു വിധി വില്ലനായത്. പെട്ടെന്ന് ആരോഗ്യ പ്രശ്‌നമുണ്ടായി ആശുപത്രിയിലേക്ക് കൊണ്ടുപോയ ചിഞ്ചു പിന്നീട് തിരിച്ചെത്തിയില്ല. 

ബോസ്റ്റണിലെ മലയാളി സമൂഹവും യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും ചിഞ്ചുവിന്റെ സഹപ്രവര്‍ത്തകരും ഒന്നടങ്കം ചടങ്ങിന്റെ ഭാഗമായി. രാവിലെ 11 മണി മുതലായിരുന്നു ചടങ്ങുകള്‍.

ഈ ദിവസം ചടങ്ങിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചെങ്കിലും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് എത്താനായില്ല. 

ചിഞ്ചു മരണമടഞ്ഞ് രണ്ടു മാസത്തിന് ശേഷമാണ് ചടങ്ങുകള്‍ നടക്കുന്നത്. ഈ രണ്ടു മാസവും പലപ്പോഴായി എമിലിനേയും കുഞ്ഞുങ്ങളേയും മാതാപിതാക്കളെയും ആശ്വസിപ്പിക്കാന്‍ എസ്എംവൈഎമ്മിന്റെ ഡയറക്ടര്‍ ഫാ ജോസഫ് മുക്കാട്ടില്‍ അച്ചന്‍ വീട്ടിലെത്തിയിരുന്നു.ദിവ്യബലിയ്ക്ക് നേതൃത്വം നല്‍കിയത് സീറോ മലബാര്‍ സഭാ കേംബ്രിഡ്ജ് റീജണല്‍ ഡയറക്ടര്‍ ഫാ ജിനു മുണ്ടുനടയ്ക്കലാണ്.

ഫാ ഷിനോജ് അച്ചനും തിരുകര്‍മ്മത്തില്‍ പങ്കുചേര്‍ന്നു.

തിയേറ്റര്‍ മാട്രണ്‍ ജെയ്സണ്‍ ഗ്രെയ്ന്‍, ചിഞ്ചുവിന്റെ തിയേറ്റര്‍ സഹപ്രവര്‍ത്തകനായ ഭാസ്‌കര്‍ വി. പുരയില്‍, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി അനീഷ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ബോസ്റ്റണ്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹിയായ ജോസ്മിന്‍ നെറ്റോയും ചിഞ്ചുവിനെ അനുസ്മരിച്ച് സംസാരിച്ചു

സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡൊമിനിക്, ഇടവക പ്രതിനിധി ബ്രദര്‍ ഏബല്‍ റെജി എന്നിവരും ചിഞ്ചുവിന്റെ സഹപ്രവര്‍ത്തകനായിരുന്ന ദീപകും ചടങ്ങില്‍ ചിഞ്ചുവിനെ അനുസ്മരിച്ചു. ആശുപത്രി ജോലികളില്‍ രോഗികളോട് നല്‍കുന്ന ചിഞ്ചുവിന്റെ കരുതലും എല്ലാവരോടും ചെറു ചിരിയോടെ സംസാരിക്കുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ചിഞ്ചുവെന്ന് സഹപ്രവര്‍ത്തകനായ ദീപക് പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും കുടുംബത്തെ ആശ്വസിപ്പിച്ചവര്‍ക്കും ജെബിന്‍ തോമസ് നന്ദി പറഞ്ഞു.

അമ്മയെന്ന നിലയിലും മകളെന്ന നിലയിലും ഭാര്യയെന്ന നിലയിലും ജോലിയിലും ചിഞ്ചു തന്റെ മികവു കാട്ടി. എന്നാല്‍ അപ്രതീക്ഷിതമായി ദൈവ സന്നിധിയിലേക്ക് യാത്രയായതോടെ ഈ വലിയ വിടവ് എന്നും ശേഷിക്കും

നാലു കുരുന്നുകളേയും എമിലിനേയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഏവരും. ചിഞ്ചുവിന്റെ പിതാവ് കരച്ചില്‍ അടക്കിപിടിച്ചു നിന്നപ്പോള്‍ മാതാവ് ഹൃദയം പൊട്ടുന്ന വേദനയില്‍ കണ്ണീരോടെയാണ് മകളെ യാത്രയാക്കിയത്.

ചെറുപ്രായത്തിലെ തന്നെയുള്ള ചിഞ്ചുവിന്റെ വിയോഗം എല്ലാവരിലും വലിയ വേദനയായിരിക്കുകയാണ്. ചിഞ്ചു ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ പ്രിയപ്പെട്ടവര്‍ ഒരുപാട് സമയമെടുക്കും. സ്‌നേഹത്തിന്റെയും കരുതലിന്റെയും മുഖമായ അമ്മയെ നഷ്ടമായ നാലു കുഞ്ഞുങ്ങള്‍ക്ക് ഇനി അമ്മയെന്നത് ഓര്‍മ്മ മാത്രമാണ്.

ദൈവത്തിങ്കലേക്ക് യാത്രയായ ചിഞ്ചുവിനെ വേദനയോടെ യാത്രയാക്കുമ്പോള്‍ ഈ കുടുംബത്തെ ചേര്‍ത്തുപിടിക്കണമെന്നാകാം കൂടെയുള്ള ഓരോരുത്തരും മനസില്‍ കരുതി കാണുക. അതു തന്നെയാകും ചിഞ്ചുവിന്റെ ആത്മാവിന് ശാന്തി നേരുമ്പോള്‍ നമുക്ക് ചെയ്യാനാകുന്നതും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.