CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 5 Seconds Ago
Breaking Now

വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ വിവസ്ത്രരാക്കി 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടില്‍ അതിക്രമിച്ചുകയറി അഞ്ചംഗ സംഘം സ്വര്‍ണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കൊച്ചി പാലാരിവട്ടത്താണ് സംഭവം. 4 മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെയുള്ള സംഘമാണ് വാടകവീട്ടില്‍ അതിക്രമിച്ചുകയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവര്‍ച്ച നടത്തിയത്.

സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളില്‍ ഉള്‍പ്പെട്ട ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംസ്‌കാര ജംക്ഷന് സമീപമുള്ള വാടകവീട്ടിലാണ് അതിക്രമം നടന്നത്. ആസാം, ബംഗാള്‍ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 7 പേര്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു അതിക്രമം.

പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെടുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി. തുടര്‍ന്ന് വീടിന്റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടി പുലര്‍ച്ചെ 1.15 വരെ താമസക്കാരെ മുറിക്കുള്ളില്‍ തടഞ്ഞുവച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വാളും കത്തിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചു. ആസാം സ്വദേശിയുടെ ഫോണില്‍ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികള്‍ അയപ്പിച്ചു. ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കമ്മലും കവരുകയായിരുന്നു.

3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്‌സ്, എടിഎം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, 1,20,000 രൂപ വിലയുള്ള 1 പവന്‍ സ്വര്‍ണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വര്‍ണക്കമ്മല്‍, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉള്‍പ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് അക്രമികള്‍ തട്ടിയെടുത്തത്. രാവിലെ ഏഴു മണിയോടെ തൊഴിലാളികള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്നത് നാലു മലയാളികളും ഒരു ഇതര സംസ്ഥാനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.