CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 40 Seconds Ago
Breaking Now

തൃക്കാക്കര ഭാരത്മാതാ കോളജ് മോര്‍ഫിങ് കേസ്; നഗ്‌നചിത്രങ്ങള്‍ കാണാന്‍ 500 രൂപ വരെ ഈടാക്കി; ടെലിഗ്രാം വഴി വിതരണം

പ്രചാരണത്തിനായി രൂപീകരിച്ച ടെലിഗ്രാം ചാനലില്‍ മാത്രം 1,500-ഓളം അംഗങ്ങളുണ്ടെന്നാണ് വിവരം.

തൃക്കാക്കര ഭാരത്മാതാ കോളജിലെ മോര്‍ഫിങ് കേസില്‍ പ്രതികള്‍ സാമ്പത്തിക ലാഭത്തിനായി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ സിനിമാ പ്രമോഷന്‍ മാതൃകയില്‍ പ്രചാരണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പ്രചാരണത്തിനായി രൂപീകരിച്ച ടെലിഗ്രാം ചാനലില്‍ മാത്രം 1,500-ഓളം അംഗങ്ങളുണ്ടെന്നാണ് വിവരം. മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ ചെറിയ ഭാഗങ്ങള്‍ ആദ്യം ഈ ചാനലില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രങ്ങളില്‍ ഉള്‍പ്പെട്ടവരുടെ യഥാര്‍ഥ ഫോട്ടോകളും വീഡിയോകളും ഇതിനൊപ്പം നല്‍കിയിരുന്നു. ഇതിലൂടെ താല്‍പര്യം ജനിപ്പിച്ച ശേഷമാണ് പണം ഈടാക്കി മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ലഭ്യമാക്കുന്ന പ്രീമിയം ഗ്രൂപ്പുകളിലേക്ക് ആളുകളെ എത്തിച്ചിരുന്നത്.

യഥാര്‍ഥ നഗ്‌നചിത്രങ്ങളാണെന്ന ധാരണയിലാണ് പലരും പണം നല്‍കി ഗ്രൂപ്പുകളില്‍ ചേര്‍ന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. വിവിധ പേരുകളിലാണ് പ്രീമിയം പെയ്ഡ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 250 മുതല്‍ 500 രൂപ വരെയാണ് ഗ്രൂപ്പില്‍ അംഗത്വത്തിനായി ഈടാക്കിയിരുന്നത്.

ഗൂഗിള്‍ പേ വഴി പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളില്‍ ചിലരും പൊലീസ് നിരീക്ഷണത്തിലാണ്. കേസില്‍ ഭാരത്മാതാ കോളജിലെ ബി.ബി.എ വിദ്യാര്‍ഥി എസ്. ശ്രീഹരിയും മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളജിലെ ബി.കോം വിദ്യാര്‍ഥി സനീഷും അറസ്റ്റിലായിട്ടുണ്ട്.

ഇരുവര്‍ക്കും തമ്മില്‍ നേരിട്ട് വലിയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരിചയമാണ് പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈമാറുന്നതിലേക്കും പ്രചരിപ്പിക്കുന്നതിലേക്കും എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, പണമിടപാടുകള്‍, ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നവരുടെ പങ്ക് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമോയെന്നും അന്വേഷണം പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.