
















ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥിന് ലണ്ടന്‍ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുക്മയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്കി.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ ലണ്ടന്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ. എബ്രഹാം പൊന്നുംപുരയിടം, മലബാര്‍ ഫുഡ്സ് ഡയറക്ടര്‍ ഷംജിത്ത് എര്ത്താലില് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

ലണ്ടനില്‍ നവംബര്‍ 3, 4, 5 തീയതികളിലായി നടക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രദര്‍ശനമായ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (WTM London 2026)-ല്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി ബ്രിട്ടനിലെത്തിയത്. ലോക ടൂറിസം മേഖലയിലെ പ്രമുഖര്‍, വിവിധ രാജ്യങ്ങളിലെ ടൂറിസം പ്രതിനിധികള്‍, ട്രാവല്‍ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്, അന്താരാഷ്ട്ര ടൂറിസം മേഖലയിലെ ശ്രദ്ധേയമായ വേദികളിലൊന്നാണ്.
വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ പരിപാടികള്‍ക്കുശേഷം നവംബര്‍ 7 ശനിയാഴ്ച, ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുകയും കലാമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.
ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്കൂളില്‍, പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാര്‍ നഗറിലാണ് ഇത്തവണത്തെ ദേശീയ കലാമേള അരങ്ങേറുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന കലാമേളയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.

ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന നൂറ്റി അറുപതിലേറെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേള, ആഗോള പ്രവാസി മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്.
കേരത്തിന്റെ തനതായ കലാരൂപങ്ങളും ഭാഷയും സംസ്കാരവും പ്രവാസലോകത്തെ പുതുതലമുറയിലേക്ക് പകര്ന്നുനല്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദേശീയ കലാമേളയില്‍ കേരള സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സാന്നിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ബ്രിട്ടനിലെത്തിയ മന്ത്രിയെ നേരിട്ട് സ്വീകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും നവംബര്‍ 7ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് മന്ത്രിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രവാസി മലയാളികളുടെ കലാപ്രതിഭയും ഒരേ വേദിയില്‍ സംഗമിക്കുന്ന ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് യുക്മ ദേശീയ നേതൃത്വം അറിയിച്ചു.
നവംബര്‍ 7ന് ചെല്‍റ്റന്‍ഹാമിലെ സലിംകുമാര്‍ നഗറില്‍ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിലേക്ക് യുകെയിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും കലാപ്രേമികളെയും യുക്മ ദേശീയ സമിതി ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കുര്യന് ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്.ഒ. & മീഡിയ കോര്‍ഡിനേറ്റര്‍)