
















18 വയസ്സുള്ള വിദ്യാര്‍ത്ഥിയെ നടുറോഡില്‍ കുത്തിക്കൊന്ന ഇന്ത്യന്‍ വംശജനായ കൊലയാളിയുടെ ശിക്ഷാ കാലാവധി ദീര്‍ഘിപ്പിച്ച് അപ്പീല്‍ കോടതി. ബ്രിട്ടനില്‍ വിവാദമായ ഹെന്‍ട്രി നൊവാക് കൊലപാതക കേസിലെ കുറ്റവാളി വിക്രം ദിഗ്വയുടെ ശിക്ഷയാണ് നീട്ടിയത്.
21 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷയാണ് വിക്രം ദിഗ്വയ്ക്ക് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നത്. ഇത് ഇപ്പോള്‍ ചുരുങ്ങിയത് 24 വര്‍ഷവും, 190 ദിവസവും എന്ന നിലയിലേക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൗത്താംപ്ടണില്‍ വെച്ച് 23-കാരനായ ദിഗ്വ വിദ്യാര്‍ത്ഥിയെ പല തവണ കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ് നൊവാക് നിലത്ത് കിടക്കുമ്പോഴും താന്‍ വംശീയമായി അക്രമിക്കപ്പെട്ടതായി ഇയാള്‍ സ്ഥലത്തെത്തിയ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ ചോര വാര്‍ന്ന് കിടന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായി. താനാണ് ഇരയെന്ന മട്ടില്‍ അഭിനയിച്ച ദിഗ്വ എമര്‍ജന്‍സി സര്‍വ്വീസുകളോടും നുണ പറഞ്ഞു. സംഭവം സൗത്താംപ്ടണില്‍ കലാപങ്ങള്‍ക്ക് കാരണമായി.
യാതൊരു ആയുധവും കൈയില്‍ ഇല്ലാത്ത ഒരു മനുഷ്യനെ മനഃപ്പൂര്‍വ്വം കുത്തിയ ദിഗ്വയുടെ 21 വര്‍ഷത്തെ ശിക്ഷ പര്യാപ്തമല്ലെന്ന് ലേഡി ചീഫ് ജസ്റ്റിസ് കാര്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ 21 വര്‍ഷമെന്നത് റദ്ദാക്കി 25 വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കുന്നതായി കോടതി പ്രഖ്യാപിച്ചു.