
















ബ്രിട്ടനിലെ ഭവനവിപണി കൂടിക്കുഴഞ്ഞ അവസ്ഥയിലാണ്. പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ പലിശ നിരക്ക് കൂട്ടുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉച്ചസ്ഥായില്‍ എത്തിനില്‍ക്കുന്നു. ഈ സമയത്ത് വീട് വാങ്ങുന്നതാണോ, കാത്തിരിക്കുന്നതാണോ നല്ലതെന്ന ചോദ്യം ഉയരുന്നുണ്ട്. വരും മാസങ്ങളില്‍ പലിശകള്‍ വീണ്ടും കൂടുമെന്ന് തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ഇതിനിടയില്‍ യുകെയിലെ വീടുകള്‍ക്ക് ചോദിക്കുന്ന വില നവംബര്‍ 7 വരെയുള്ള നാല് ആഴ്ചയില്‍ 1.8% താഴ്ന്നു. വീട് വാങ്ങുന്നവരുടെ ഡിമാന്‍ഡ് 8 ശതമാനമാണ് ഇടിഞ്ഞത്. വില്‍ക്കാനുള്ള വീടുകളുടെ എണ്ണം 12 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുമ്പോഴാണ് ഈ മാറ്റങ്ങള്‍.
ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മാസങ്ങളായി നിലനില്‍ക്കുന്നതിനാല്‍ ഇത് വിപണിയില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിക്കുന്നു. വീട് വാങ്ങുന്നവരുടെ ബജറ്റ് കൂടുതല്‍ കടുപ്പത്തിലേക്ക് മാറുന്നതിനാല്‍ വീട് വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതിനൊത്ത് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നു.
രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.51 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് ഭവനവിപണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകമായി മാറുന്നത്.