
















എഡിന്‍ബറ: ബ്രിട്ടനില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സ്ഥിരതാമസാനുമതി (ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍ ഐഎല്‍ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്ന് പത്തു വര്‍ഷമായി ഉയര്‍ത്താനുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സ്കോട്ടിഷ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിലവില്‍ ബ്രിട്ടനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് പഴയ നിയമപ്രകാരമുള്ള സ്ഥിരതാമസാനുമതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 26ന് സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തില്‍ 85 പേര് പങ്കെടുത്തു.
സ്കോട്ടിഷ് ഗവണ്മെന്റിലെ കമ്മ്യൂണിറ്റി കെയര്‍ മന്ത്രി അലിസണ് ത്യൂലിസ് , സ്കോട്ടിഷ് പാര്‍ലമെന്റ് അംഗങ്ങളായ മാര്ട്ടിന് ഡേ, പോളിന് സ്റ്റാഫോര്‍ഡ്, ക്യു മണിവണ്ണന്, മാഗി ചാപ്മാന് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബ്രിട്ടനിലെ പ്രമുഖ തൊഴിലാളി സംഘടനയായ യൂണിസണിന്റെ ഏഴ് പ്രതിനിധികളും സമരത്തില്‍ പങ്കാളികളായി.

ഐഒസി യുകെ കേരള ചാപ്റ്റര്‍ സ്കോട്ട്ലന്‍ഡ് യൂണിറ്റ് പ്രസിഡന്റും യൂണിസണ്‍ വര്‍ക്ക്പ്ലേസ് സ്റ്റീവാര്ഡുമായ മിഥുന് മോഹനന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഡയാന പോളി പരിപാടി നിയന്ത്രിച്ചു. ശ്യാം കൃഷ്ണ, അഭിജിത്ത്, വിഭൂതി പിള്ള, ഗിരീഷ് പിള്ള, ടിനോയ് എന്നിവര്‍ നിര്‍ദിഷ്ട നിയമമാറ്റവുമായി ബന്ധപ്പെട്ട തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കുടുംബങ്ങള്‍ നേരിടുന്ന ആശങ്കകളും പങ്കുവച്ചു. അക്ഷയ് കിഷോര്‍ നന്ദി രേഖപ്പെടുത്തി.

ആശങ്കയില്‍ ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങള്‍
ബ്രിട്ടനിലെ ആരോഗ്യ, സാമൂഹിക പരിചരണ, വ്യാപാര മേഖലകളുള്‍പ്പെടെ വിവിധ രംഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന വിദഗ്ധ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണ് നിര്‍ദിഷ്ട നിയമമാറ്റമെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.
അഞ്ചു വര്‍ഷത്തിനുശേഷം സ്ഥിരതാമസാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വന്തം രാജ്യത്തെ തൊഴിലും സ്വത്തുക്കളും ഉപേക്ഷിച്ച് ബ്രിട്ടനിലെത്തിയ നിരവധി കുടുംബങ്ങളാണ് പുതിയ നിയമമാറ്റത്തോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. വീസ പുതുക്കുന്നതിനുള്ള അധിക ചെലവ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം എന്നിവയെല്ലാം പുതിയ വ്യവസ്ഥകള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക.
പിന്തുണയുമായി യൂണിസണും മൈഗ്രന്റ് വോയ്സും

ബ്രിട്ടനിലെ പ്രമുഖ തൊഴിലാളി സംഘടനയായ യൂണിസണും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈഗ്രന്റ് വോയ്സും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് മുന്നോടിയായി ഇരു സംഘടനകളുടെയും നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ കുടിയേറ്റ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ വിശദീകരിച്ചിരുന്നു. യൂണിസണ്‍ പ്രതിനിധികളുടെ നേരിട്ടുള്ള പങ്കാളിത്തവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ജനപ്രതിനിധികളുടെ സാന്നിധ്യവും സമരത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു.
ഡിപ്പന്‍ഡന്റ് വീസക്കാര്‍ക്കും നീതി ഉറപ്പാക്കണം
കെയര്‍ മേഖലയിലെ ചില തൊഴിലാളികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും, അതേ മേഖലയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഡിപ്പന്‍ഡന്റ് വീസക്കാരെക്കൂടി പരിഗണിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
നിലവില്‍ ബ്രിട്ടനില്‍ കഴിയുന്ന വിദഗ്ധ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തെ സ്ഥിരതാമസ വ്യവസ്ഥ നിലനിര്‍ത്തുക, മുന്‍കാല പ്രാബല്യത്തോടെ നിയമമാറ്റം നടപ്പാക്കാതിരിക്കുക, ഡിപ്പന്‍ഡന്റ് വീസക്കാരുടെ തൊഴില്‍പരമായ സംഭാവനകള്‍ പരിഗണിക്കുക എന്നിവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
പ്രധാനമന്ത്രിക്ക് കൂട്ടായ നിവേദനം
മൈഗ്രന്റ് വോയ്സിന്റെ നേതൃത്വത്തില്‍ നിയമമാറ്റം ബാധിക്കുന്നവരുടെയും അനുഭാവികളുടെയും ഒപ്പുകള്‍ ശേഖരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൂട്ടായ നിവേദനം സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ കുടുംബങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളിലൂടെയും ജനപ്രതിനിധികളിലൂടെയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള നടപടികളും നടന്നുവരുന്നു.
വിഷയം വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൂടുതല്‍ ശക്തമായി എത്തിക്കുന്നതിനായി എംപിമാരുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ചകള്‍ തുടരാനാണ് സംഘാടകരുടെ തീരുമാനം. ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.
പുതിയ ആനുകൂല്യങ്ങളോ പ്രത്യേക പരിഗണനയോ അല്ല തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും, ബ്രിട്ടനിലേക്ക് കുടിയേറാന്‍ തീരുമാനിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന നിയമവ്യവസ്ഥകള്‍ മാനിക്കണമെന്നും നീതിയും തുല്യപരിഗണനയും ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്ന് സംഘാടകര്‍ വ്യക്തമാക്കി.