CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 38 Seconds Ago
Breaking Now

12 വര്‍ഷത്തെ ക്രിക്കറ്റ് പോരിന് ശേഷം യുകെയില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച; പഴയ പരിചയക്കാരനെ തിരിച്ചറിഞ്ഞ് ഗായകന്‍ ഹനാന്‍ ഷാ; വൈറലായി വീഡിയോ

പ്രസ്റ്റണ്‍ (യുകെ): പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം തര്‍ക്കിച്ചിരുന്ന രണ്ട് യുവാക്കള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം യുകെയില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ അത് കൗതുകകരമായൊരു പുനഃസമാഗമമായി. മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ഹനാന്‍ ഷായും പാലക്കാട് ജില്ലയിലെ കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ സ്വദേശിയായ ഷിജാസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിരാട് കോഹ്ലിയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും കടുത്ത ആരാധകനായിരുന്നു ഹനാന്‍ ഷാ. അതേസമയം യുവരാജ് സിങ്ങിന്റെയും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും കടുത്ത ആരാധകനായിരുന്നു ഷിജാസ്. ഇഷ്ടതാരങ്ങളെയും ഐപിഎല്‍ ടീമുകളെയും ചൊല്ലിയുള്ള വാദപ്രതിവാദങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലെ തര്‍ക്കങ്ങള്‍ പിന്നീട് ചാറ്റുകളിലേക്കും ഫോണ്‍ വിളികളിലേക്കും നീണ്ടു.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഹനാന്‍ ഷാ നിരവധി ആരാധകരുള്ള ജനപ്രിയ ഗായകനായി മാറി. ഷിജാസ് ജോലി സംബന്ധമായി യുകെയിലെത്തി ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ പ്രസ്റ്റണിലെ പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ ഇവന്റ് മാനേജരായി ജോലി ചെയ്യുകയാണ് ഷിജാസ്.

യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹനാന്‍ ഷായുടെ സംഗീതപരിപാടി നടന്നതും പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായിലായിരുന്നു. പരിപാടി ഈ വേദിയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും ഷിജാസാണ്. പരിപാടിയുടെ സംഘാടകരുമായി സഹകരിച്ചാണ് ഷിജാസ് പാര്‍ക്ക് ഹാളില്‍ സംഗീതപരിപാടി നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയത്.

പരിപാടി നടക്കുന്ന ദിവസം രാവിലെ ഹനാന്‍ ഷായും സംഘാടകരും പ്രസ്റ്റണിലെ ഒരു റെസ്റ്റോറന്റില്‍ പ്രഭാതഭക്ഷണത്തിനായി എത്തിയിരുന്നു. സംഘാടകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഷിജാസും അവിടെയെത്തി. എല്ലാവരും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ഷിജാസ് ഹനാന് കൈകൊടുത്തെങ്കിലും പഴയ പരിചയം വെളിപ്പെടുത്തിയില്ല.

എന്നാല്‍ ഷിജാസിനെ കണ്ടപ്പോള്‍ ഹനാന് മുഖപരിചയം തോന്നിയിരുന്നു. ഷിജാസ് യുകെയിലുണ്ടെന്ന കാര്യം അറിയാതിരുന്നതിനാല്‍ പഴയ പരിചയക്കാരനാണോ എന്ന സംശയത്തിലായിരുന്നു ഹനാന്‍.

പിന്നീട് ജുമുഅ നമസ്‌കാരത്തിന് ശേഷം ഇരുവരും വീണ്ടും സംസാരിക്കുന്നതിനിടെ 'എന്നെ മനസ്സിലായോ?' എന്ന് ഷിജാസ് ചോദിച്ചു. തുടര്‍ന്നാണ് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റിന്റെ പേരില്‍ തര്‍ക്കിച്ചിരുന്ന പഴയ പരിചയക്കാരനാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ഹനാന് വ്യക്തമായത്. അപ്രതീക്ഷിതമായ തിരിച്ചറിവില്‍ ഹനാന്‍ അമ്പരന്നു.

തുടര്‍ന്ന് പഴയ ക്രിക്കറ്റ് തര്‍ക്കങ്ങളും ഫോണ്‍ വിളികളും സമൂഹമാധ്യമങ്ങളിലെ സംഭാഷണങ്ങളുമെല്ലാം ഹനാന്‍ ഓര്‍ത്തെടുത്തു. ആലുങ്ങലിലെ മാക്‌സ് ക്ലബ്ബിലെ അംഗങ്ങളെക്കുറിച്ചും ഹനാന്‍ ഓര്‍മ്മ പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും തങ്ങളുടെ പഴയ ക്രിക്കറ്റ് ഗ്രൂപ്പ് സജീവമായി തുടരുന്നുണ്ടെന്ന് ഷിജാസ് ഹനാന് കാണിച്ചുകൊടുക്കുകയും ചെയ്തു.

അന്ന് ക്രിക്കറ്റിന്റെ പേരില്‍ തര്‍ക്കിച്ചിരുന്ന ഒരാള്‍ പിന്നീട് ലക്ഷക്കണക്കിന് ആളുകള്‍ ഇഷ്ടപ്പെടുന്ന ഗായകനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും പഴയ സംഭാഷണങ്ങളും പരിചയക്കാരെയും ഹനാന്‍ ഓര്‍ത്തെടുത്തതാണ് ഏറെ സന്തോഷം നല്‍കിയതെന്നും ഷിജാസ് പറഞ്ഞു.

മമ്മൂട്ടിയും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തിയ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിലെ രംഗങ്ങളെയാണ് ഈ കൂടിക്കാഴ്ച തനിക്ക് ഓര്‍മിപ്പിച്ചതെന്നും ഷിജാസ് പറയുന്നു.

ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിജാസ് Yeslife Events എന്ന സ്ഥാപനവും നടത്തിവരുന്നുണ്ട്. യുകെയിലെ മലയാളികള്‍ക്കായി Strangers Staycation എന്ന വ്യത്യസ്ത ആശയത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥാപനമാണിത്. 2022 നവംബറില്‍ ചെസ്റ്ററിലെ YHA Trafford Hall-ല്‍ 'Mallu Strangers Night 2022' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് ഈ കൂട്ടായ്മ ശ്രദ്ധ നേടിയത്. യുകെയിലെ ആദ്യ മലയാളി Strangers Staycation എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറയുന്നു.

പരസ്പരം മുന്‍പരിചയമില്ലാത്ത മലയാളികളെ ഒരുമിപ്പിച്ച് പുതിയ സൗഹൃദങ്ങളും കൂട്ടായ്മകളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 2022-ല്‍ ആരംഭിച്ച ഈ സംരംഭത്തിന്റെ ഭാഗമായി തുടര്‍ന്ന് എല്ലാ വര്‍ഷവും യുകെയിലെ വിവിധ ഇടങ്ങളിലായി നിരവധി സ്റ്റേക്കേഷനുകള്‍ Yeslife Events സംഘടിപ്പിച്ചുവരുന്നു.

ഇതിന്റെ തുടര്‍ച്ചയായി 2027-ല്‍ ഇതുവരെ നടത്തിയതിലും വിപുലമായ മറ്റൊരു Strangers Staycation സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് Yeslife Events. ഈ പരിപാടിയെക്കുറിച്ചും ഷിജാസ് ഹനാന്‍ ഷായുമായി സംസാരിച്ചു. അടുത്ത വര്‍ഷം യുകെ സംഗീതപര്യടനം നടത്തുകയാണെങ്കില്‍ സ്റ്റേക്കേഷനിലും പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ഹനാന്‍ അറിയിച്ചതായി ഷിജാസ് പറഞ്ഞു. എന്നാല്‍ ഹനാന്റെ അടുത്ത വര്‍ഷത്തെ യുകെ സന്ദര്‍ശനവും പരിപാടിയിലെ പങ്കാളിത്തവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റിന്റെ പേരില്‍ തുടങ്ങിയ പരിചയം വര്‍ഷങ്ങള്‍ക്കിപ്പുറം യുകെയില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ അത് പഴയ ഓര്‍മ്മകള്‍ പുതുക്കുന്നതിനൊപ്പം ഭാവിയിലെ പരിപാടികളിലേക്കുള്ള സഹകരണസാധ്യതകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

ഹനാന്‍ ഷായും ഷിജാസും പഴയ ക്രിക്കറ്റ് ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായതോടെയാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും പഴയ പരിചയങ്ങളും ഓര്‍മ്മകളും മറക്കാതെ ഹനാന്‍ സംസാരിച്ചതാണ് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.