Breaking Now

തോക്കിന്‍ മുനയില്‍നിന്ന് കാല്‍പ്പന്തിന്‍റെ ആവേശവുമായി ഫലസ്തീന്‍

കൊല്ലാം, തോല്‍പ്പിക്കാനാവില്ല.... ഈ വാക്കുകള്‍ കടമെടുക്കാന്‍ ഏറ്റവും യോഗ്യര്‍ ഫലസ്തീന്‍ ഫുട്ബാള്‍ ടീമാവും.

 ബോംബുകളെയും  മിസൈലുകളെയും അതിജീവിച്ച കാല്‍പ്പന്തിന്‍റെ  കഥകളുമായി അവര്‍  കൊച്ചിയിലെത്തുന്നു. ഇന്ത്യയുമായുള്ള സൗഹൃദമത്സരത്തിന് ഫലസ്തീന്‍ ഫുട്ബാള്‍ ടീം തിങ്കളാഴ്ച പുലര്‍ച്ചെ ദൈവത്തിന്‍െറ സ്വന്തം നാട്ടിലെത്തും. ഖത്തറില്‍ നിന്ന് ഞായറാഴ്ച അര്‍ധരാത്രി പുറപ്പെടുന്ന ടീം തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങും. വിവിധ രാജ്യങ്ങളിലെ ക്ളബുകള്‍ക്ക് കളിക്കുന്ന ടീം അംഗങ്ങളെല്ലാം ഖത്തറില്‍ ഒന്നിച്ചുകൂടി ഖത്തര്‍ എയര്‍വേസിലാവും  കൊച്ചിയിലെത്തുക. ഇവരെ നെടുമ്പാശേരിയില്‍ കെ.എഫ്.എയുടെ നേതൃത്വത്തില്‍  സ്വീകരിക്കും. തുടര്‍ന്ന് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന നഗരത്തിലെ ഹോട്ടലിലേക്ക് ടീം പോകും.
രാജ്യമില്ലാത്ത ദേശീയ ടീം എന്ന വിശേഷണവുമായി എത്തുന്ന ഫലസ്തീന് കാല്‍പ്പന്തിന്‍െറ ലോകത്ത് ദുരിതങ്ങളും ഉപരോധങ്ങളുമാണ് എന്നും കൂട്ട്. എന്നാല്‍, ഇവയെല്ലാം കടത്തിവെട്ടുന്ന കേരളത്തിന്‍െറ അത്രയും പോലും വിസ്തൃതിയില്ലാത്ത ഫലസ്തീന്‍  ഫിഫ റാങ്കിങ്ങില്‍ 152ാം സ്ഥാനത്താണ്. ഇന്ത്യയാകട്ടെ 166ാം റാങ്കിലും. പന്ത് കളിച്ചുകൊണ്ടിരിക്കെ ബോംബിട്ട് കൗമാരക്കാരായ ആണ്‍കുട്ടികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതും കളിക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും അടക്കം നിരവധി കഥകളും ഇവര്‍ക്ക് പറയാനുണ്ട്. നിരവധി ഫുട്ബാള്‍ താരങ്ങള്‍ ഇസ്രായേലിന്‍െറ വെടിയേറ്റ് മരണപ്പെട്ടതും പലര്‍ക്കും പരിക്കേറ്റതും ഇവരുടെ കാല്‍പ്പന്തിന്‍െറ ചരിത്രത്തിനൊപ്പം കൂട്ടായിട്ടുണ്ട്.
40 ലക്ഷം ജനങ്ങള്‍ മാത്രമുള്ള ഫലസ്തീന്‍െറ വെസ്റ്റ് ബാങ്ക് പ്രദേശത്താണ് ഫുട്ബാള്‍ ടീമുകള്‍ ഉള്ളത്. തോക്കുകള്‍ കാവല്‍ നില്‍ക്കുമ്പോഴും ഇവര്‍ ഇവിടെ12 ടീമുകള്‍ പങ്കെടുക്കുന്ന  ലീഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഗാസയില്‍ പന്ത് തട്ടാന്‍  ഇസ്രായേല്‍ സേന അനുവദിക്കില്ല.അവിടെ നിന്നുള്ള താരങ്ങള്‍ക്ക്   വെസ്റ്റ് ബാങ്കിലെത്താമെങ്കിലും  ഇസ്രായേല്‍ സേന കനിയേണ്ട സ്ഥിതിയാണ്.  ഫലസ്തീന്‍ ദേശീയ ടീമില്‍ കളിക്കുന്ന പലരും താമസിക്കുന്നത് മറ്റ് രാജ്യങ്ങളിലാണ്. മത്സര ദിനങ്ങള്‍ അടുക്കുമ്പോള്‍ ഇവരെ ഒരുമിച്ച് കൂട്ടി ടീമായി പുറപ്പെടും. കൊച്ചിയിലെത്തുന്നതും ഇങ്ങനെ തന്നെയാവും. ഫലസ്തീന്‍ ടീമിലെ താരങ്ങളില്‍ പലരും ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഗള്‍ഫിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ക്ളബുകള്‍ക്ക് വേണ്ടി കളിക്കുന്നവരാണ്.
 കൊച്ചിയിലെത്തുന്ന ടീമില്‍ ഒമ്പതോളം താരങ്ങള്‍ മറ്റ് രാജ്യങ്ങളിലെ ക്ളബുകള്‍ക്ക് വേണ്ടി കളിക്കുന്നവരാണെന്നാണ് വിവരം. അര്‍ജന്‍റീനയിലെ ക്ളബുകള്‍ക്ക് വേണ്ടി പോലും ഫലസ്തീന്‍ താരങ്ങള്‍ പന്ത് തട്ടുന്നുണ്ടെന്ന് പറയുമ്പോള്‍ ഇവരുടെ പാരമ്പര്യം വ്യക്തമാകും.
ജീവിക്കാന്‍ തന്നെ സാഹചര്യമില്ലാത്ത രാജ്യത്ത് ഫുട്ബാള്‍ ടീമെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നില്ല ഇവിടെ.കഠിനാധ്വാനത്തിന് പുറത്ത് അവര്‍  സ്വന്തം ടീമിനെ പടുത്തുയര്‍ത്തി. ഇത് ഇന്ത്യ അടക്കമുള്ളവര്‍ക്ക് ഒരു മാതൃകകൂടിയാണ്. ഫലസ്തീന് നിരീക്ഷക രാഷ്ട്ര പദവി എന്ന അംഗീകാരം ലഭിച്ച ശേഷം ആദ്യമായാണ് ഫലസ്തീന്‍ ടീം പന്തുതട്ടാനിറങ്ങുന്നതെന്ന പ്രത്യേകതയും കൊച്ചി മത്സരത്തിനുണ്ട്. 1928ല്‍ ഫലസ്തീന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ സ്ഥാപിതമായെങ്കിലും ഇസ്രായേലിന്‍െറ ഉരുക്ക്മുഷ്ടിമൂലം ഇവര്‍ക്ക് കളി അന്യമായി നിന്നു.
പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ രാജ്യാന്തര ഫുട്ബാള്‍ സംഘടനയായ ഫിഫ 1998ല്‍ ഫലസ്തീനെ അംഗ രാഷ്ട്രമായി അംഗീകരിച്ചു.1999ല്‍ ഫിഫ റാങ്കിങ്ങില്‍ 191ാം സ്ഥാനമായിരുന്നു ഇവര്‍ക്കെങ്കില്‍ 2006ല്‍ ഇവര്‍ 115ലെത്തി മറ്റ് രാജ്യങ്ങളെ അമ്പരപ്പിച്ചു. ഫലസ്തീന്‍കാരുടെ ഫുട്ബാളിനോടുള്ള ആത്മാര്‍ഥത കണ്ട് ഫിഫ പരിശീലന കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളും നിര്‍മിച്ച് നല്‍കിയിരുന്നു.
കൂടുതല്‍വാര്‍ത്തകള്‍.